thadayana
തൂണുകളിൽ മാത്രമായി ഒതുങ്ങിയ കാരക്കുളത്തുനാട് പാടത്തെ തടയണ

ചാലക്കുടി: തടയണ നിർമ്മാണം വൈകുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. വി.ആർ. പുരം കാരക്കുളത്തുനാട്ടിലെ പറയൻതോട്ടിലെ തടയണ നിർമ്മാണമാണ് അനിശ്ചിതമായി നീളുന്നത്. ഇവിടത്തെ ഹെക്ടർ കണക്കിന് നെൽകൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനായാണ് നഗരസഭ തടയണയുടെ നിർമ്മാണത്തിന് പദ്ധതി ആസൂത്രണം ചെയ്തത്. പാലക്കുഴിപ്പാലത്തിന് സമീപം തടയണക്കായി തൂണുകൾ വാർത്തിട്ടതല്ലാതെ മറ്റ് പ്രവർത്തികളൊന്നും നടന്നില്ല. 2016 -17പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം ആരംഭിച്ചത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി എട്ട് ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രസ്തുത തുക ഇതുവരേയും കൈമാറ്റം ചെയ്തിട്ടില്ല. ഇതാണ് തുടർ പ്രവർത്തനങ്ങൾക്ക് തടസം. തടയിണയിൽ വെള്ളം കെട്ടി നിറുത്താൻ സംരക്ഷണ ഭിത്തികൾ കെട്ടേണ്ടതുണ്ട്. ഇതിന് പുറമെ ഷട്ടറുകളും സ്ഥാപിക്കണം. ഇതിനായി കരിങ്കല്ലുകൾ ഇറക്കിയിട്ടിട്ടുണ്ട്. ഈ വേനലിലെങ്കിലും തടണ യാഥാർത്ഥ്യമാകണമെന്നാണ് കർഷകരുടെ ആവശ്യം.