തൃശൂർ: നഗരത്തിലെയും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് സർവീസ് നിറുത്തിവയ്ക്കാനൊരുങ്ങി സ്വകാര്യബസുടമകൾ. തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ഗുരുവായൂർ - കുന്നംകുളം - പറപ്പൂർ - അടാട്ട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് സർവീസ് നിറുത്തിവയ്‌ക്കാൻ ഒരുങ്ങുന്നത്.

കെ.എസ്.ആർ.ടി.സി, ദിവാൻജി മൂല, പുഴയ്ക്കൽ, കേച്ചേരി തുടങ്ങിയ ഭാഗങ്ങളിൽ സ്ഥിരം ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് സർവീസ് നിറുത്തിവയ്ക്കേണ്ടി വരുന്നതന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിനെ തുടർന്ന് പലപ്പോഴും വാഹനങ്ങൾ വഴിയിൽ കുടുങ്ങി ട്രിപ്പുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഗതാഗതക്കുരുക്ക് മൂലം ഡീസലിന്റെ അധിക ഉപഭോഗം 10 മുതൽ 15 ലിറ്റർ വരെ പ്രതിദിനം ഉയരുന്നതായി ബസുടമകൾ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.