ഗുരുവായൂർ: ആളൊഴിഞ്ഞ് ഒറ്റപ്പെട്ട പറമ്പിൽ കിടന്നിരുന്ന വയോധികയെ ഗുരുവായൂർ നഗരസഭാ അഗതിമന്ദിരത്തിൽ പാർപ്പിക്കുവാൻ നടപടിയായി. ഇന്നലെ ഉച്ചയോടെ പഞ്ചാരമുക്കിലെ ഒഴിഞ്ഞ പ്രദേശത്താണ് വയോധികയെ ഒറ്റപ്പെട്ട നിലയിൽ കണ്ടത്.
തളിക്കുളം ഏങ്ങൂർ സ്വദേശി പടിയത്ത് രാധാകൃഷ്ണന്റെ ഭാര്യ 74 വയസുള്ള തങ്കമ്മയെയാണ് ആളൊഴിഞ്ഞ പറമ്പിൽ പ്രദേശവാസികൾ കണ്ടത്. തുടർന്ന് ഇവർ വിവരമറിയച്ചതിനെ തുടർന്ന് ഗുരുവായൂർ നഗരസഭാ കൗൺസിലർ ലതപ്രേമന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ എ.പി. ബാബു, ടി.കെ. വിനോദ് കുമാർ, പ്രിയ രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തുകയും വയോധികയോട് വിവരങ്ങൾ ആരായുകയും ആംബുലൻസിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പോലീസും കൗൺസിലർമാരും തങ്കമ്മയുമായി സംസാരിച്ചതിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞത്. ഇവർക്ക് ഒരു മകളുണ്ടെന്നും അറിയാൻ കഴിഞ്ഞു. തളിക്കുളമെന്നും അന്തിക്കാടെന്നും മരുമകന്റെ പേര് മുകുന്ദനെന്നും ഇവർ സംസാരത്തിനിടയിൽ പറയുന്നുണ്ടായിരുന്നു. തുടർന്ന് അധികൃതർ പഞ്ചായത്ത് പ്രസിഡന്റുമാരുമായും അംഗങ്ങളുമായും ബന്ധപ്പെടുകയും മകളെ വിവാഹം കഴിച്ചയച്ച വീട് കണ്ടെത്തുകയും ചെയ്തു. മരുമകനെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ കൗൺസിലർമാർ ഇവരെ താൽക്കാലികമായി അഗതി മന്ദിരത്തിൽ താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. കാലങ്ങളായി വീട്ടിൽ നിന്നും ഇറങ്ങി ഗുരുവായൂർ ക്ഷേത്രനടയിലാണ് ഇവർ താമസിച്ചു പോന്നിരുന്നതെന്ന് കരുതുന്നു. എങ്ങോട്ട് പോകണമെന്ന ചോദ്യത്തിനും വീട് എവിടെയാണെന്ന ചോദ്യത്തിനും ഗുരുവായൂർ അമ്പലനടയിൽ പോകണമെന്ന ഉത്തരമാണ് ഇവർ നൽകിയിരുന്നത്. ജോലി സംബന്ധമായി അകലെയാണെന്നതിനാൽ ഇന്ന് ഗുരുവായൂരിലെത്താൻ കഴിയില്ലെന്നും നാളെ രാവിലെ ഗുരുവായൂലെത്തി അമ്മയെ കൊണ്ടുപോകാമെന്ന് മരുമകൻ അറിയിച്ചതായും കൗൺസിലർമാർ പറഞ്ഞു. സാമൂഹിക നീതി വകുപ്പ് ചാവക്കാട് സി.ഡി.പി.ഒ ജ്യോതിഷ്മതി, ഗുരുവായൂർ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പ്രത്യൂക്ഷ, സബിത എന്നിവരും സ്ഥലത്തെത്തി.