തൃശൂർ : ഘടക പൂരങ്ങളുടെ കമ്മിറ്റികളിൽ ഒന്നിലും ഭാരവാഹികളല്ലായെന്ന കാരണം ചൂണ്ടിക്കാട്ടി, ഘടകപൂരങ്ങളുടെ ഭാരവാഹി യോഗത്തിൽ നിന്ന് ഇത്തവണയും ഏകോപന സമിതിയെ കൊച്ചിൻ ദേവസ്വം ബോർഡ് ഒഴിവാക്കി. എന്നാൽ ഇതിൽ ഘടക പൂര ഭാരാവാഹികൾ പ്രതിഷേധം അറിയിച്ചു. ഇന്ന് ഏകോപന സമിതിയെ ഉൾപ്പെടുത്തി യോഗം ചേരാനും ഘടകപൂര കമ്മിറ്റികൾ തീരുമാനിച്ചു. കഴിഞ്ഞ ബോർഡാണ് ഏകോപന സമിതിയെ ഒഴിവാക്കി പൂരകമ്മിറ്റികളെ മാത്രം വിളിച്ച് യോഗം നടത്തിയത്. എന്നാൽ ഘടകപൂരങ്ങളെ സംബന്ധിച്ച് ഏകോപന സമിതിയുടെ പ്രവർത്തനം ആശ്വാസപ്രദമായിരുന്നു. ടൂറിസം ഫണ്ട് ഉൾപ്പെടെ കാലതാമസം ഇല്ലാതെ ലഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നത് ഏകോപന സമിതിയാണ്. പൂരം കഴിഞ്ഞാൽ ആഗസ്ത് മാസത്തോടെ തന്നെ ടൂറിസം വകുപ്പിൽ നിന്നുള്ള ഫണ്ട് ക്ഷേത്രങ്ങൾക്ക് ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അത് ലഭിച്ചിട്ടില്ല. പൂരത്തിന് മുമ്പ് തന്നെ തുക ക്ഷേത്രങ്ങൾക്ക് കൈമാറാനുള്ള നടപടി കൈകൊണ്ടിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് മോഹനൻ നമ്പൂതിരി യോഗത്തിൽ അറിയിച്ചു. ഘടക പൂരങ്ങൾക്ക് ബോർഡും എക്‌സിബിഷൻ കമ്മിറ്റിയും നൽകുന്ന തുകയിൽ നിന്ന് അഡ്വാൻസ് നൽകുവാനും യോഗത്തിൽ തീരുമാനമായി. ആകെ പതിനഞ്ച് ലക്ഷം രൂപയാണ് ഘടക പൂരങ്ങൾക്ക് ആകെ നൽകാറുള്ളത്. ഇതിൽ ഓരോ ക്ഷേത്രത്തിനും വരുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ് വീതിച്ച് നൽകാറുള്ളത്.