തൃശൂർ: റേഷൻ വിതരണത്തിലെ മാഫിയ കൂട്ടുകെട്ടിന് ഒടുവിൽ കുരുക്ക് വീണതോടെ ജില്ലയിലെ റേഷൻ വിതരണം നിലച്ചു. ബദൽ സംവിധാനം എന്താണ് എന്നത് സംബന്ധിച്ച് ഇന്നലെ വൈകീട്ട് വരെയും ജില്ലാ സപ്ലൈ ഓഫീസിൽ നിർദ്ദേശം എത്തിയിട്ടില്ല. തിങ്കളാഴ്ച്ച പുതിയ നിർദ്ദേശം വന്നാലും അടുത്തയാഴ്ച്ച അവസാനത്തോടെ മാത്രമേ റേഷൻ വിതരണം സാദ്ധ്യമാകൂവെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
ഇടനിലക്കാരെ ഒഴിവാക്കി വാതിൽപ്പടി വിതരണം നടപ്പാക്കിയത് മുതൽ ഏറെ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. കഴിഞ്ഞ ദിവസമാണ് അഴിമതി ആരോപണത്തിന് വിധേയമായ ജില്ലയിലെ ആറ് താലൂക്കുകളിലെയും വാതിൽപ്പടി വിതരണത്തിനുള്ള ഗതാഗതകരാർ സപ്ലൈകോ റദ്ദ് ചെയ്തത്. ചാലക്കുടി, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി, തൃശൂർ, കൊടുങ്ങല്ലൂർ താലൂക്കുകളിലെ കരാറാണ് റദ്ദാക്കിയത്. രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിൽ ജില്ലയിലെ ഗതാഗത കരാർ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പോഷകസംഘടനയുടെ ജില്ലാ ട്രഷററുടെ ബിനാമികൾക്കാണ് ലഭിച്ചത്.
ഇതിനെതിരെ റേഷൻകട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും വിജിലൻസ് സംഘം നടത്തിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. വാതിൽപ്പടി സമ്പ്രദായം നടപ്പിലായത് മുതൽ റേഷൻകടകളിൽ ഭക്ഷ്യവസ്തുക്കൾ കൃത്യമായി എത്തിക്കാൻ സാധിച്ചിരുന്നില്ല. നേരത്തെ റേഷൻകട ഉടമകൾ നേരിട്ട് ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ എടുത്ത് വിതരണം ചെയ്യുകയായിരുന്നു. എപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്നലെയാണ് പൂർത്തിയായത്.
വാതിൽപ്പടി
ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകളിൽ എത്തിച്ച് അവിടെ വച്ച് തൂക്കം നോക്കി കടക്കാർക്ക് കൈമാറുകയെന്നതാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇത് നടപ്പായില്ല. ഭക്ഷ്യവസ്തുക്കൾ നേരിട്ട് ഇറക്കിപ്പോകൽ മാത്രമാണ് നടന്നിരുന്നത്. വാതിൽപ്പടി സംവിധാനത്തിലൂടെ കയറ്റിറക്ക് കൂലി റേഷൻകടക്കാർ നൽകേണ്ട. ഇത് തങ്ങൾക്ക് ആശ്വാസമായിരുന്നെങ്കിലും ഭക്ഷ്യ വസ്തുക്കളുടെ തൂക്കത്തിൽ വ്യാപകമായ ക്രമക്കേടാണ് നടന്നിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. ഇതിനു പുറമേ ഇറക്കുന്ന ചാക്കുകളിൽ ഗുണ നിലവാരം കുറഞ്ഞ രണ്ടോ മൂന്നോ ചാക്കുകൾ ഉണ്ടാകുമെന്നും റേഷൻകടക്കാർ പറയുന്നു. ഇത് തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നതായും ഇവർ പറഞ്ഞു.
വെള്ള അരിക്ക് ഗുണ നിലവാരം ഇല്ല
നിലവിൽ എതാനും മാസമായി റേഷൻ കടകളിൽ വിതരണം ചെയ്യുന്ന വെള്ളഅരി ഗുണ നിലവാരം ഏറെ കുറഞ്ഞതാണെന്ന് നഗരത്തിലെ റേഷൻ വ്യാപാരി പറഞ്ഞു. പല ചാക്കുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് കടകളിൽ എത്തുന്നത്. നിലവിൽ റേഷൻ കടകളിൽ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ കാർഡുടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല
(മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ)