തൃശൂർ : പൂര വിളംബരമായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ലെങ്കിൽ പകരക്കാരനായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉയരക്കാരൻ ദേവസ്വം ശിവകുമാർ വന്നേക്കും. തെച്ചിക്കോട്ടുകാവിന് വേണ്ടി സർക്കാർ തലത്തിൽ ഇടപെടൽ നടത്താൻ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുണ്ട്. അതുകൊണ്ട് അവസാന നിമിഷം വീര പരിവേഷത്തോടെ തെച്ചിക്കോട്ടുകാവ് തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. കഴിഞ്ഞ അഞ്ച് വർഷമായി പൂരത്തലേന്ന് തെക്കേഗോപുര വാതിൽ തുറക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.

അതേസമയം വിലക്ക് തുടരാൻ തീരുമാനിച്ചാൽ എറണാകുളത്തപ്പന്റെ മുന്നിൽ നടയിരുത്തിയ ദേവസ്വം ശിവകുമാറിനെ ചടങ്ങ് നടത്താൻ നിയോഗിക്കണമെന്ന അഭിപ്രായമാണ് ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. ഇന്നലെ ഘടക പൂരങ്ങളുടെ ഭാരവാഹികളുടെ യോഗത്തിൽ ദേവസ്വം ബോർഡ് അധികൃതർ ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ തെച്ചിക്കോട്ടുകാവിന്റെ കാര്യത്തിൽ തങ്ങൾ പ്രതീക്ഷയിലാണെന്ന് കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ. കൊച്ചുഗോവിന്ദൻ പറഞ്ഞു.

വെള്ളിയാഴ്ച മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെച്ചിക്കോട്ടുകാവിന്റെ വരവറിയിച്ച് പ്രദേശത്താകെ ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നുകഴിഞ്ഞു. സൗമ്യനായ ശിവകുമാറിനും ഏറെ ആരാധകരുണ്ട്. ഒരു കൊമ്പ് നഷ്ടപ്പെട്ട ശേഷം അടുത്ത കൊമ്പ് മുളച്ചുവന്ന ആനയെന്ന പ്രത്യേകത കൂടി ശിവകുമാറിനുണ്ട്.