തൃശൂർ : ദേശീയപാതയ്ക്ക് കുറുകെ കോൺക്രീറ്റ് ഡെക്ടും പൈപ്പുകളും സ്ഥാപിച്ച് ജില്ലയിൽ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. പീച്ചി അണക്കെട്ടിൽ നിന്നും തൃശൂരിലേക്ക് വരുന്ന പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം നഷ്ടപ്പെട്ട സാഹചര്യം ഇല്ലാതാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

ആറുവരി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കേടുപാട് സംഭവിച്ചതെന്ന് കമ്മിഷൻ വിലയിരുത്തി. നിലവിൽ ശുദ്ധജലം പാഴാകുന്ന സാഹചര്യമുണ്ട്. പൈപ്പ് പൊട്ടിയ ഭാഗത്ത് മാലിന്യം ശുദ്ധജലവുമായി കലരുന്ന സാഹചര്യവുമുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പി.ബി. സതീഷ് നൽകിയ പരാതിയിലാണ് നടപടി.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത ആറുവരിയാക്കി വീതി കൂട്ടിയതിനെ തുടർന്ന് നടത്തറ മുതൽ ചുവന്ന മണ്ണ് വരെയുള്ള ഭാഗങ്ങളിലെ കുടിവെള്ള വിതരണ ലൈനുകളിൽ തകരാർ ഉണ്ടായതായി ജല അതോറിറ്റി കമ്മിഷനെ അറിയിച്ചു. മണ്ണുത്തി മുതൽ തോട്ടപ്പടി വരെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചു. എന്നാൽ മറ്റിടങ്ങളിൽ പൈപ്പ് മാറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു...