തൃശൂർ : നഗര പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വെള്ളത്തിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. മഞ്ഞപ്പിത്ത ബാധ പിടിപ്പെട്ട മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജി. റീന അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒല്ലൂർ പുത്തൂർ മേഖലയിൽ വിവാഹ സദ്യയിൽ പങ്കെടുത്ത 80ഓളം പേർക്ക് മഞ്ഞപ്പിത്ത ബാധ പിടിപ്പെട്ടിരുന്നു. അതേസമയം ജില്ലയിലെ തീരദേശ മേഖലയിൽ വയോധികയ്ക്ക് എച്ച്.വൺ എൻ വൺ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. എച്ച്. വൺ എൻ. വൺ ലക്ഷണങ്ങളോടെ കുട്ടിയടക്കം മൂന്ന് പേർ നിരീക്ഷണത്തിലാണ്. എച്ച്. വൺ എൻ. വൺ കണ്ടെത്തിയ മതിലകം കൂളിമുട്ടത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ആശങ്കപെടാനില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു...