തൃശൂർ: പൂരത്തിന് നഗരം ഒരുങ്ങുമ്പോൾ കോർപറേഷൻ്റെ ഏറ്റവും അടുത്തുളള നഗരഹൃദയമായ പുത്തൻനടക്കാവ് ചീഞ്ഞുനാറുകയാണ്. അനധികൃത പെട്ടിക്കടകളിൽ നിന്നുളള മാലിന്യങ്ങളും കാനയിൽ കെട്ടിക്കിടക്കുന്ന മലിനജലവും പ്ളാസ്റ്റിക് കൂമ്പാരവും നിറഞ്ഞ് കിടക്കുന്ന പുത്തൻനടക്കാവിന് സമീപത്താണ് പ്രശസ്തമായ തുണിക്കടകളും ജ്വല്ലറികളും ബാങ്കുകളുടെ ശാഖകളും കെട്ടിടനിർമ്മാണസ്ഥാപനങ്ങളുടെ വിൽപ്പനകേന്ദ്രവുമുളളത്.
മൂക്കുപൊത്താതെ ഈ വഴിയിലൂടെ കടന്നുപോകാൻ കഴിയില്ലെന്ന് നഗരവാസികൾ പറഞ്ഞു. പൂരത്തിന് മുൻപ് മാലിന്യപ്രശ്നം പരിഹരിക്കണമെന്ന് പ്രൊഫ.കെ.ഐ. വർഗീസ് ആവശ്യപ്പെട്ടു.
വിയ്യൂർ ജയിൽ പരിസരത്തും സാമൂഹ്യവിരുദ്ധർ വിസർജ്യം തള്ളിയ നിലയിലാണ്. ജില്ലാ ജയിലിന്റെ പുറകുവശത്തെ റോഡിലെ കനാലിലും ആകാശവാണി ക്വാർട്ടേഴ്‌സിനു സമീപമുള്ള ഓടയിലുമാണ് സെപ്റ്റിക് മാലിന്യം തള്ളിയത്. ജില്ലാ ജയിലിന്റെ മുഖ്യകവാടം വരെ മാലിന്യം ഒഴുകിയെത്തിയിട്ടുണ്ട്. കടുത്ത ദുർഗന്ധത്തെത്തുടർന്ന് സമീപവാസികൾ വിയ്യൂർ പൊലീസിൽ പരാതി നൽകി.
അതേസമയം, മാലിന്യകേന്ദ്രങ്ങൾക്കു സമീപം തെരുവുനായ് ശല്യവും രൂക്ഷമായി. കഴിഞ്ഞദിവസം പടിഞ്ഞാറെ കോട്ടയിൽ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 6 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഇൻജക്ഷൻ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.