21ാം വട്ടം പ്രമാണം

43ാം വർഷം മേളത്തിന്

ചേർപ്പ്: ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിക്കാൻ മേളകലാ ചക്രവർത്തി പെരുവനം കുട്ടൻ മാരാർ ഒരുങ്ങി. ഇക്കുറി ഇരുപത്തിയൊന്നാം തവണയാണ് കുട്ടൻ മാരാർ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം വഹിക്കുന്നത്. തൃപ്പൂണിത്തുറ, ഗുരുവായൂർ, ആറാട്ടുപുഴ, പെരുവനം പൂരങ്ങളിലും വിദേശങ്ങളിലും മേളങ്ങൾക്ക് നെടുനായകത്വം വഹിച്ച് മേള വൈദഗ്ധ്യം തെളിയിച്ചുവെങ്കിലും ആസ്വാദന ഹരം കൊണ്ട് ഒരു പടി മുന്നിൽ മേള വസന്തം സൃഷ്ടിക്കുക ഇലഞ്ഞിത്തറയിലായിരിക്കുമെന്ന് പെരുവനം വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പ് 15ാം സ്ഥാനക്കാരനായി ഇലഞ്ഞിത്തറയിൽ മൺമറഞ്ഞ മുൻകാല മേളപ്രമാണികൾക്കൊപ്പം ആദ്യമായി പങ്കെടുത്ത പെരുവനം കുട്ടൻ മാരാർ ഇത് 43ാം വർഷമാണ് ഇലഞ്ഞിത്തറയിൽ മേള പങ്കാളിത്തം വഹിക്കുന്നത്. പ്രഗത്ഭരായ ഇരുന്നൂറ്റിയമ്പതിൽ പരം വാദ്യകലാകാരന്മാരും ആയിരക്കണക്കിന് പൂരാസ്വാദകരും ഇലഞ്ഞിമര ചുവട്ടിൽ നിൽക്കുമ്പോൾ തന്റെ ശൈലിക്ക് മാറ്റം വരുമെങ്കിലും പാണ്ടിമേളത്തിന്റെ യഥാർത്ഥ ക്ലാസിക്കൽ നാദാനുഭവം വ്യക്തമാക്കുവാൻ സാധിക്കുന്ന അന്തരീക്ഷമാണ് ഇലഞ്ഞിത്തറയിലേതെന്ന് പെരുവനം പറഞ്ഞു.

ഇലഞ്ഞിത്തറയിലെ പെരുവനം പെരുമ

പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരുടെ തലയെടുപ്പും, അഴകും പോലെയാണ് മേളത്തിലുള്ള കലാകാരന്മാരുടെ പെരുവനം പെരുമ. ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയായ പെരുവനം കുട്ടൻ മാരാർക്കൊപ്പം ചെണ്ടയിൽ സഹപ്രമാണിത്വം വഹിക്കുന്ന പെരുവനം സതീശൻ മാരാർ ഇക്കുറി 33ാം വർഷമാണ് മേളത്തിൽ പങ്കെടുക്കുന്നത്. പിതാവായ ചക്കംക്കുളം അപ്പുമാരാർ മേള പ്രമാണിയായിരിക്കെയാണ് സതീശൻ മാരാർ ഇലഞ്ഞിത്തറ മേളത്തിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുക്കുന്നത്. പല്ലാവൂർ അപ്പു മാരാരുടെ പ്രമാണത്തിലും സതീശൻ മാരാർ പങ്കെടുത്തിട്ടുണ്ട്. പെരുവനം ശങ്കരനാരായണൻ മാരാർ, പെരുവനം ഗോപാലകൃഷ്ണൻ, പെരുവനം മുരളി പിഷാരടി, പെരുവനം വേണു, പെരുവനം വിനു പരമേശ്വരൻ, പ്രകാശൻ, ശ്രീ ശങ്കർ ഉണ്ണി, കുട്ടൻ മാരാരുടെ മകനായ കാർത്തിക് പി. മാരാർ ഉൾപ്പെടെയുള്ളവർ ഇലഞ്ഞിത്തറയിലെ മേളത്തിന് നാദ ഗോപുരം തീർക്കും. ചെണ്ട, കൊമ്പ്, ഇലത്താളം എന്നീ വാദ്യങ്ങളാണ് ഇലഞ്ഞിത്തറയിൽ പെയ്താർക്കുന്നത്.