fish-vilavedup-in-sea
പെരിഞ്ഞനം വെസ്റ്റിലെ സമിതി ബീച്ചിൽ വാണിജ്യാടിസ്ഥാനത്തിൽ കടലിൽ നടത്തിയ മത്സ്യകൂട് കൃഷിയിൽ വിളവെടുപ്പ് നടത്തുന്നു

കയ്പമംഗലം: കടലിൽ മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ മത്സ്യക്കൃഷി വ്യാപിപ്പിക്കാൻ നടത്തിയ കൂട് കൃഷി പരീക്ഷണം വിജയം കണ്ടു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) സാങ്കേതിക സഹായത്തോടെ, പെരിഞ്ഞനം വെസ്റ്റിലെ സമിതി ബീച്ചിലാണ് കൂട് മത്സ്യക്കൃഷി നടത്തിയത്. കരയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് 'കടൽക്കൂട് സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ആറ് മീറ്റർ വ്യാസമുള്ള കമ്പി വളയത്തിൽ നാല് മീറ്റർ ആഴത്തിൽ വല ഘടിപ്പിച്ചാണ് സംവിധാനമൊരുക്കുന്നത്. കൂട് ഒഴുകി പോകാതിരിക്കാൻ ഭാരമുള്ള കല്ലുകൾ കെട്ടി താഴ്ത്തിയിടും. വല പൊങ്ങി നിൽക്കാനായി കമ്പി വളയത്തിൽ പ്ലാസ്റ്റിക് വീപ്പകൾ ബന്ധിച്ചിട്ടുണ്ട്. നാല് മാസങ്ങൾക്ക് മുമ്പ് 1000 കാളാഞ്ചി കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. രണ്ട് വർഷം മുമ്പ് ഇതേ പോലെ മത്സ്യക്കൃഷി ആരംഭിച്ചെങ്കിലും ഓഖി ചുഴലിക്കാറ്റിൽ പെട്ട് കൂട് തകർന്നു. ഈ കൂട് അറ്റകുറ്റപണി നടത്തിയാണ് വീണ്ടും കൃഷിയിറക്കിയത്. പ്രവീൺ, അനിൽ, രാജപ്പൻ, സുരേഷ്, രഘു, മദനൻ എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്. രാവിലെ നടന്ന വിളവെടുപ്പിൽ 200 കിലോ മത്സ്യം ലഭിച്ചു. കിലോക്ക് 450 രൂപയായിട്ടാണ് വില്പന നടത്തിയത്. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഇമൽഡ ജോസഫ്, ഉദ്യോഗസ്ഥരായ ഡോ. അശ്വതി, ഡോ. ശോജി, രാഗേഷ് ,വേണുഗോപാൽ എന്നിവരും വിളവെടുപ്പിന് എത്തി..