കരിമരുന്നിന്റെ അളവ് കളക്ടർക്ക് നൽകണം
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് കൂടുതൽ ശക്തമായ സുരക്ഷാ സന്നാഹം ഏർപ്പെടുത്താൻ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും സംയുക്ത യോഗം തീരുമാനിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൂരത്തിന് ബാഗുകളുമായി വരരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.
നഗരത്തിൽ സി.സി.ടി.വി കാമറകൾ കൂടുതലായി സ്ഥാപിക്കും. സുഗമമായി വെടിക്കെട്ട് കാണാനുള്ള എല്ലാ സൗകര്യവും ഏർപ്പെടുത്തും. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്തും. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടർക്ക് നൽകാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് യോഗം നിർദേശം നൽകി. വെടിക്കെട്ട് നടത്തുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ പൂർണമായ പേര് വിവരവും കളക്ടർക്ക് നൽകണം. വെടിക്കെട്ട് സ്ഥലത്ത് നിയോഗിക്കപ്പെടുന്ന വളണ്ടിയർമാരും കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ തിളങ്ങുന്ന ജാക്കറ്റ് നിർബന്ധമായി ധരിച്ചിരിക്കണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് അധികൃതർ നിർദേശിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ജില്ലാ കളക്ടർ ടി.വി. അനുപമ, സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ജി.എച്ച്, എക്‌സ്‌പ്ളൊസീവ്‌സ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ. ആർ. വേണുഗോപാൽ, എ.ഡി.എം റെജി പി. ജോസഫ്, ആർ.ഡി.ഒ പി.എ വിഭൂഷൺ, ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്‌റഫ് അലി, വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ സി.കെ സജി, തൃശൂർ തഹസിൽദാർ ജോർജ് ജോസഫ്, ഹസാർഡ് അനലിസ്റ്റ് അതുല്യ തോമസ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
നിബന്ധനകൾ ഇവ
വളണ്ടിയർമാരുടെ പട്ടിക നേരത്തെ തന്നെ കളക്ടർക്ക് നൽകണം
ജാക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാത്ത വളണ്ടിയർമാരെ വെടിക്കെട്ട് സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല
ഷെഡിൽ തന്നെ കരിമരുന്ന് സൂക്ഷിക്കണം
ഇലഞ്ഞിത്തറ മേളത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നവരെ മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രമേ കടത്തിവിടൂ
ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവർക്കും തിരിച്ചറിയൽ കാർഡ്
പൂരപ്പറമ്പിൽ സ്ഥാപിച്ച വാട്ടർ ഹൈഡ്രന്റുകൾ വാട്ടർ അതോറിറ്റിയും ഫയർഫോഴ്‌സും ചേർന്ന് പ്രവർത്തിപ്പിക്കും