ചാലക്കുടി: ആശയക്കുഴപ്പം മാറിയതിനെ തുടർന്ന് നിലവിലെ സ്ഥലത്ത് ചാലക്കുടി കോർട്ട് കോംപ്ലക്‌സ് നിർമ്മാണം ഉടൻ ആരംഭിക്കും. നാലു നില കെട്ടിടത്തിന്റെ നിർമ്മാണം അധികം വൈകാതെ ആരംഭിക്കാനാണ് തീരുമാനം. ദേശീയപാത ആറുവരിയാക്കുന്നതിന്റെ മുന്നോടിയായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ച കോർട്ട് കോംപ്ലക്‌സിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അവതാളത്തിലായത്.

പുതിയ റോഡിനായി ഏഴു മീറ്റർ സ്ഥലം നീക്കിയിടണമെന്ന നിർദ്ദേശം വന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഇങ്ങനെ വന്നാൽ ആകെയുള്ള 47 സെന്റ് സ്ഥലത്ത് കെട്ടിട നിർമ്മാണം അസാധ്യമാകും. എന്നാൽ വിജ്ഞാപനം ഉണ്ടാകാത്ത സ്ഥിതിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് തടസമില്ലെന്നാണ് ഹൈക്കോടതിയിൽ നിന്നും ജില്ലാ ജഡ്ജിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജി സ്ഥലത്തെത്തി പരിശോധന നടത്തി.
നിലവിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ഏഴ് നിലകളിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ ആദ്യ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ വർഷം തന്നെ കെട്ടിട നിർമ്മാണം തുടങ്ങുന്നതിന് ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ആദ്യം വിഭാവനം ചെയ്ത അഞ്ചു നില കെട്ടിത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം തടസമായി.
പുതിയ കോടതി കെട്ടിടങ്ങൾ ഏഴു നിലകളിലാകണമെന്ന ആവശ്യം നിർമ്മാണത്തിന് കാലതാമസം വരുത്തി. പ്ലാനിലും എസ്റ്റിമേറ്റിലും മാറ്റങ്ങൾ വരുത്തിയാണ് വീണ്ടും ഏഴുനില കെട്ടിടത്തിന് അനുമതി നേടിയത്. നിലവിൽ തടസങ്ങളില്ലാത്ത നിലയ്ക്ക് കെട്ടിട നിർമ്മാണം വൈകാതെ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, മുൻസിഫ് കോടതിയോടൊപ്പം നഗരസഭയുടെ ലൈബ്രറി മന്ദിരത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.