vahanam
ചാലക്കുടി ട്രാംവെ റോഡിൽ നിറയുന്ന ഉപയോഗ ശൂന്യമായ വാഹനങ്ങൾ

ചാലക്കുടി: മോട്ടോർ വാഹന വകുപ്പിന്റെ കണ്ടം ചെയ്യുന്ന വാഹനങ്ങളാൽ ചാലക്കുടി ട്രാംവേ റോഡ് നിറയുന്നു. വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുൻഭാഗത്താണ് തുരുമ്പിച്ച വാഹനങ്ങളുടെ നീണ്ട നിര. വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങളാണ് ഇവെയല്ലാം.

നീണ്ടുപോകുന്ന നിയമ നടപടികളെ തുടർന്ന് കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ പന്നീട് ഉടമകൾ തിരിച്ചെടുക്കാറില്ല. മോട്ടോർ വാഹന വകുപ്പ് ഓഫീസ് പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സൗകര്യം ഇല്ലാത്തതിനാൽ ഇവയൊക്കെ തൊട്ടടുത്ത ട്രാംവേ റോഡരികിലേക്ക് തള്ളുകയാണ്. ഇവയുടെ എണ്ണം ഇരുപത്തിയഞ്ചോളം വരും. ഇക്കാലമത്രയും ട്രാംവേ റോഡ് ജനത്തിരക്കില്ലാത്തതായിരുന്നു.

എന്നാൽ നോർത്ത് ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ ഇതിന്റെ മുഖച്ഛായ മാറും. വാഹനങ്ങളും യാത്രക്കാരുമായി അതീവ പ്രാധാന്യമുള്ള റോഡായി മാറുന്ന ആദ്യകാല ട്രാംവേ റോഡിൽ ഗതാഗതത്തിന്റെ ചുമതലക്കാരായ വകുപ്പ് തന്നെ മാർഗ തടസം സൃഷ്ടിക്കുകയാണ്.