ബസുകളിലൊന്ന് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു
കൊടുങ്ങല്ലൂർ: സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. ബസുകളിലൊന്ന് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു. എറിയാട് മഞ്ഞളിപ്പള്ളി ചിറയത്ത് തോമസിന്റെ ഭാര്യ മാർഗരറ്റ് (52), അഴീക്കോട് പുന്നയ്ക്കൽ വീട്ടിൽ കരീമിന്റെ ഭാര്യ ഫസീമ (50), എടവിലങ്ങ് പടപ്പറമ്പിൽ ബാവയുടെ ഭാര്യ ഉമൈബ (63), മകൻ സുബൈർ (40), പി. വെമ്പല്ലൂർ രാമന്തറ ശങ്കരനാരായണൻ പ്രിൻസൺ (42), അഴീക്കോട് പള്ളിക്ക വലിയവീട്ടിൽ മുജീബ് (42), പി. വെമ്പല്ലൂർ പുളിപ്പറമ്പിൽ പ്രകാശൻ മകൾ പ്രവ്യ (22), അഴീക്കോട് കറുപ്പൻ വീട്ടിൽ റാഫി ഭാര്യ ജമീല (45), പെരിഞ്ഞനം രാമത്ത് ബാബു മകൻ ജിതേഷ് (33), പെരിഞ്ഞനം മാങ്ങാംപറമ്പിൽ ശക്തി (58), അഴീക്കോട് വടക്കേ വീട്ടിൽ ഗഫൂർ ഭാര്യ നൂജു (50), എടവിലങ്ങ് കണ്ണാംകുളത്ത് മജീദിന്റെ മകൻ സിറാജ് (34), അഴീക്കോട് പണിക്കശ്ശേരി കുമാരു മകൻ സുഭാഷ്, ചേന്ദമംഗലത്ത് ഐശു (62), ജമീല എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ പ്രവ്യ , ജമീല എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അഴീക്കോട് നിന്നും തൃപ്രയാറിലേക്ക് പോകുകയായിരുന്ന സുഹൈൽ ബസും അഴീക്കോടേക്ക് വരികയായിരുന്ന ഷാജി (വ്യാസൻ) ബസും തമ്മിലാണ് ഇടിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ, കരിക്കുളം ആശുപത്രി സ്റ്റോപ്പിലായിരുന്നു അപകടം. ബസുകളിലൊന്നിന്റെ ഡ്രൈവർക്ക് സംഭവിച്ച കാഴ്ച തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമെത്തിച്ച് ചികിത്സ ലഭ്യമാക്കി. താലൂക്ക് ആശുപത്രിയിൽ എട്ട് പേർ ചികിത്സ തേടി. ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ ഉൾപ്പെടെയുള്ളവർ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മിക്കവാറും പേർക്ക് മുഖത്താണ് പരിക്കേറ്റത്. ഷാജി ബസാണ് ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും താഴേക്ക് പതിച്ചത്. റോഡിൽ നിന്നും പൂർണ്ണമായും തെറിച്ചു പോയ നിലയിൽ ബസിന്റെ പിൻഭാഗം താഴെയും മുൻഭാഗം റോഡിലേക്കുമെന്ന വിധത്തിലായിരുന്നു കിടപ്പ്. ഈ ബസ് നിറുത്തിയ അവസ്ഥയിലായിരുന്നുവെന്നാണ് ബസിലുണ്ടായിരുന്നവർ ചൂണ്ടിക്കാട്ടുന്നത്.