കൊടുങ്ങല്ലൂർ: ചരിത്ര പഠനത്തിന്റെ പ്രാധാന്യം തിരിച്ചറിയാതെയുള്ള മുന്നോട്ടുപോക്ക് അടിമ മനോഭാവത്തിലേക്ക് സമൂഹത്തെ നയിക്കാനിടയാക്കുമെന്ന് ബംഗളൂരുവിലെ ലോകരത്ന ബുദ്ധവിഹാരയിലെ ബുദ്ധഭിക്ഷു വിനയ രഖിത പറഞ്ഞു. ഈഴവരുടെയും തിയ്യരുടെയും ബുദ്ധ സംസ്കാരവും അതുമായി ബന്ധപ്പെട്ട ആയുർവേദം, കളരി എന്നിവയിലെ പാരമ്പര്യവും സംബന്ധിച്ച് വള്ളോംപറമ്പത്ത് കുടുംബാംഗം സുഗതർ വീരാൾ പണിക്കൻ എന്ന സുഗതൻ വി.പി. തയ്യാറാക്കിയ പഠനഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ഈഴവരെ കുറിച്ച് കുറെപേർ പുസ്തകമെഴുതിയിട്ടുണ്ടെങ്കിലും ഇത്രയുമേറെ ആഴത്തിലുള്ള ഗവേഷണ പഠനം ആദ്യമാണെന്ന് സുഗതൻ പറഞ്ഞു. ചരിത്രസത്യങ്ങൾ പൂർണ്ണമായി നഷ്ടപ്പെടും മുമ്പ് അവ പെറുക്കിയെടുക്കാൻ ഗവേഷകനായ വി.പി. സുഗതന് തോന്നിയത് കേരളത്തിന്റെ കൂടി ഭാഗ്യമാണെന്ന് പുസ്തക പരിചയം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗക്കാരുടെയും ചരിത്രം ചേർത്ത് വെച്ചാലേ നാടിന്റെ ചരിത്രമാകൂ. എല്ലാ വിഭാഗം ജനങ്ങളുടെയും ചരിത്രം കണ്ടെടുക്കണം. അതിന് ഗവേഷകർക്ക് പ്രചോദനമേകാൻ ഈ പുസ്തകം ഉപകരിക്കും. കേരള ചരിത്രമെന്നത് ബ്രാഹ്മണരുടെ മാത്രം ചരിത്രമല്ല. യഥാർത്ഥത്തിൽ ഇവിടെ ബ്രാഹ്മണാധിപത്യം കൊടികുത്തി വാഴുന്നതിന് മുമ്പായിരുന്നു കേരളത്തിന്റെ സുവർണ്ണ കാലഘട്ടമെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ചേരമാൻ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് ഡോ. പി. എ. മുഹമ്മദ് സഈദ്, ഹരിദാസ് ബൗദ്ധ്, ഐ.ഐ.എം ബിരുദധാരി അർപ്പൻ പണിക്കർ,ഡോ. ദിവ്യ രവീന്ദ്രൻ, വി.പി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു...