കൊടുങ്ങല്ലൂർ: തിരക്കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ വലിയ സംഭാവനകൾ നൽകിയിട്ടും അർഹമായ അംഗീകാരം ലഭിക്കാതെ പോയ എഴുത്തുകാരനാണ് വി.ടി. നന്ദകുമാറെന്ന് ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പറഞ്ഞു.

പുല്ലൂറ്റ് കോഴിക്കട ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ ഒമ്പതാം വാർഷിക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സാഹിത്യ അക്കാഡമികൾക്കാണ് ഇക്കാര്യത്തിൽ പിശകുണ്ടായത്. അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ ജന്മനാടായ കൊടുങ്ങല്ലൂരിലെ സാംസ്കാരിക പ്രവർത്തകരും മുന്നോട്ടു വന്നില്ല. കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടെ പരിശ്രമത്തിന്റെയും അച്ച്യുതമേനോന്റെ താല്പര്യത്തിന്റെയും ഫലമായാണ് മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പേരിൽ ഒരു കോളേജ് സ്ഥാപിച്ചത്. പി.ഭാസ്കരൻ, മൊയ്തു പടിയത്ത്, ബഹദൂർ, കവി സച്ചിദാനന്ദൻ തുടങ്ങി വിവിധ മേഖലകളിൽ നിരവധി പ്രതിഭകളെ സംഭാവന നൽകിയ സാംസ്കാരിക കേന്ദ്രമാണ് കൊടുങ്ങല്ലൂർ. സമൂഹത്തിന് നന്മ ചെയ്യാൻ കഴിയുന്ന സംവിധാനമാണ് റസിഡന്റസ് അസോസിയേഷനുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് സി.എസ്. തിലകൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ. വിപിൻ കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി. കരുണാകരൻ ഇ. രാജൻ മേനോൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.വി. ലക്ഷ്മണൻ, കൗൺസിലർ സുമ നാരായണൻ, കെ.പി. സുനിൽ കുമാർ, കെ.കെ. മയൂരനാഥൻ എന്നിവർ സംസാരിച്ചു. ഇ.ആർ. മുരളീധരൻ, എ.എസ്. ബിജു, ഭാവന അജയൻ, ടി.വി. മുരളീധരൻ എന്നിവർ നേതൃത്വം നല്കി...