തൃശൂർ: കർശന സുരക്ഷയിൽ നീറ്റ് പ്രവേശന പരീക്ഷ നടത്തി. ജില്ലയിൽ 18 സെന്ററുകളിലായി 11,300ൽ ഏറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ പരീക്ഷ വൈകീട്ട് അഞ്ചിന് അവസാനിച്ചു. കർശനമായ സുരക്ഷാ പരിശോധനകളോടെയും നിബന്ധനകളോടെയുമാണ് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പരീക്ഷാർത്ഥികൾ രക്ഷാകർത്താക്കൾക്കൊപ്പം മണിക്കൂറുകൾക്ക് മുമ്പേ പരീക്ഷാ സെന്ററുകളിലേക്കെത്തിയിരുന്നു. പരീക്ഷയ്ക്കുള്ള തിരിച്ചറിയൽ രേഖകളും മറ്റും മറന്നത് ചില വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. രാജ്യത്തെ 154 നഗരകേന്ദ്രങ്ങളിലായി 15 ലക്ഷത്തിൽപരം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി രണ്ട് ലക്ഷത്തോളം അപേക്ഷകൾ കൂടുതലുണ്ട്. കേരളത്തിൽ തൃശൂരടക്കം 11 നഗരകേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്...