കൊടുങ്ങല്ലൂർ: ഇന്ന് മുതൽ കൊടുങ്ങല്ലൂരിൽ നിന്നും തൃശൂരിലേക്ക് പതിനഞ്ച് മിനിറ്റ് ഇടവിട്ട് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും. തൃശൂരിൽ നിന്നും തിരിച്ച് കൊടുങ്ങല്ലൂരിലേക്കും സമാന രീതിയിൽ സർവീസുണ്ടാകും. കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് നടപടി. കൊടുങ്ങല്ലൂർ, തൃശൂർ ഡിപ്പോകളിൽ നിന്ന് ആറ് വീതം 12 ബസുകളാണ് സർവീസ് നടത്തുക. കൊടുങ്ങല്ലൂരിൽ നിന്ന്‌ രാവിലെ 5.30-ന് ആദ്യ സർവീസും തൃശൂരിൽ നിന്ന്‌ രാത്രി 8.30-ന് അവസാന സർവീസും ആരംഭിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചത്.

കെ.പി. രാജേന്ദ്രൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൊടുങ്ങല്ലൂർ-തൃശൂർ റൂട്ടിലെ യാത്രക്കാരുടെ നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് 12 കെ.എസ്.ആർ.ടി.സി ബസുകളോടെ ഈ റൂട്ടിൽ ചെയിൻ സർവീസ് ആരംഭിച്ചിരുന്നു. ഏതാനും വർഷം ഈ സർവീസ് കാര്യക്ഷമമായി നടന്നിരുന്നുവെങ്കിലും പിന്നീട് ബസുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി സർവീസ് പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. തൃശൂരിൽ നിന്നും സർവീസ് നടത്തിയിരുന്ന ആറ് ബസുകളാണ് ആദ്യം നിലച്ചത്. തുടർന്ന് കൊടുങ്ങല്ലൂരിൽ നിന്നുള്ള നാലെണ്ണവും പിന്നീട് ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി, അവശേഷിച്ച രണ്ടെണ്ണവും കൂടി നിറുത്തി. ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളടക്കം അമ്പതിലധികം സ്വകാര്യബസുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകൾ അവസാനിപ്പിച്ചതിന് പിന്നിൽ സ്വകാര്യ ബസുടമകളുടെ സമ്മർദ്ദമുണ്ടായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് സർവീസുകൾ പുന:സ്ഥാപിക്കപ്പെടുന്നത്..