മാള: നിലയില്ലാ കയങ്ങളിൽ മുങ്ങിത്താഴാതെ കരകയറാൻ 12,000 പേർക്ക് പരിശീലനം, കഴിഞ്ഞ 12 വർഷമായി പരിശീലകൻ കുഴിക്കാട്ടുശേരി മൂത്തേടത്ത് എം.എസ്. ഹരിലാൽ തിരക്കിലാണ്. മാസം നൂറുപേരെയെങ്കിലും നീന്തൽ പഠിപ്പിക്കും. ഇതിനായി ഒരു ഫൗണ്ടേഷനും രൂപീകരിച്ചിട്ടുണ്ട്.
ഒരു കോഴ്‌സിന്റെ കാലാവധി പത്ത് മുതൽ പതിനഞ്ച് ദിവസം വരെയാണ്. വെള്ളം കാണുമ്പോൾ ഭയപ്പെടുന്നവർ പോലും അഞ്ച് ദിവസത്തിനകം പരസഹായമില്ലാതെ നീന്തുമെന്ന ഉറപ്പാണ് പരിശീലകന്റെ സാക്ഷ്യം. നാട്ടിൽ മുങ്ങിമരണങ്ങളുടെ കണക്ക് കണ്ടതോടെയാണ് 12 വർഷം മുൻപ് ഹരിലാൽ പരിശീലക വേഷം അണിഞ്ഞത്.
ഹരിലാലിന്റെ നേതൃത്വത്തിലുള്ള മൂത്തേടത്ത് അക്കാഡമിയിലെ കുട്ടികൾ മഷിക്കുളത്തിലാണ് പരിശീലനം നടത്തുന്നത്. ഈ വർഷം ആവശ്യത്തിന് വെള്ളം ഇല്ലാതായതോടെ പല സ്ഥലങ്ങളിലായാണ് പരിശീലനം. ആളൂർ പഞ്ചായത്തിന്റെ തുരുമ്പിക്കുളത്തിൽ നൂറിലധികം പേരാണ് നീന്തൽ പഠിക്കുന്നത്. പത്ത് വയസിൽ താഴെയുള്ളവർ മുതൽ മുതിർന്നവരും ശിഷ്യന്മാരായുണ്ട്.
പരിശീലന രീതി
പരിശീലനത്തിന് ആദ്യമായി എത്തുന്നവർക്ക് റബ്ബർ ട്യൂബുകൾ നൽകും. പ്രധാനമായും ജലഭയം മാറ്റാനുള്ള മാർഗനിർദ്ദേശങ്ങളാണ് നൽകുക. ആദ്യ മൂന്ന് ദിവസം കൊണ്ട് ഭയം പൂർണമായി ഇല്ലാതാക്കും. പിന്നീട് 15 നാളിനകം നീന്തൽ പഠനം പൂർത്തിയാക്കും.
തുരുമ്പിക്കുളത്തിൽ നീന്തൽ പരിശീലിപ്പിക്കുന്നത് അറിഞ്ഞ് എത്തിയതാണ്. വരുമ്പോൾ വെള്ളത്തെ ഭയമായിരുന്നു, ഇപ്പോൾ എല്ലാം മാറി.
-ആൻ മരിയ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി
പ്രളയം പോലുള്ള ദുരന്തങ്ങളിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടത് മുന്നിൽ കണ്ട് നീന്തൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
-പി.എസ്. സേതുമാധവൻ, കായിക അദ്ധ്യാപകൻ (മൂത്തകുന്നം എസ്.എൻ.എം.എച്ച്.എസ്.എസ്)