ചാവക്കാട്: അണ്ടത്തോട് പെരിയമ്പലം ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ താവളം പൊലീസ് നിർദേശത്തെ തുടർന്ന് പൊളിച്ചു മാറ്റി. ഹോട്ടൽ കുന്നിക്കുരു എന്ന പേരിൽ പ്രവർത്തിക്കാതെ കിടന്ന സ്ഥാപനമാണ് പൊളിച്ചു നീക്കിയത്. രണ്ടു വർഷം മുമ്പ് നിർമ്മിച്ച ഈ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചിരുന്നില്ല. മേഖലയിൽ ലഹരി മാഫിയ സംഘങ്ങൾ വ്യാപകമാണെന്ന വിവരത്തെ തുടർന്ന് പൊലീസ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇവിടെയാണ് സാമൂഹിക വിരുദ്ധർ രാത്രി സമയങ്ങളിൽ തമ്പടിക്കുന്നതെന്ന് മനസ്സിലാക്കിയ പൊലീസ് ഉടമയോട് സ്ഥാപനം പൊളിച്ചു നീക്കാൻ നിർദേശം നൽകുകയായിരുന്നു.