വരന്തരപ്പിള്ളി : വടന്തോളിലെ വീട്ടിൽ നിന്നും മാലയും കൈച്ചെയിനും മോഷ്ടിച്ച സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വടാന്തോൾ കോക്കാടൻ വീട്ടിൽ കുര്യന്റെ ഭാര്യയും കൊടകര പേരാമ്പ്ര സ്വദേശിയുമായ ആലീസിനെയാണ് (44) ശനിയാഴ്ച രാത്രി വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ഭാര്യയെ അറസ്റ്റ് ചെയ്തത് അറിഞ്ഞതിനെ തുടർന്ന് കാണാതായ ഭർത്താവ് കുര്യനെ (46) പേരാമ്പ്രയിൽ ചെറുവത്തൂർച്ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യാ വീട്ടിലെത്തി ഭാര്യാ സഹോദരന്റെ ബൈക്കുമായി പോയ കുര്യനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിറയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഏപ്രിൽ 29ന് രാത്രിയായിരുന്നു വടാന്തോൾ താക്കോൽക്കാരൻ വീട്ടിൽ ജോൺസന്റെ ഭാര്യ ലില്ലിയുടെ (55) നാല് പവൻ തൂക്കമുള്ള മാല, പേരക്കിടാവിന്റെ ഒന്നര പവൻ തൂക്കം വരുന്ന മാല, മുക്കാൽ പവന്റെ കൈച്ചെയിൻ എന്നിവ മോഷണം പോയത്. വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നായിരുന്നു മോഷണം. അറസ്റ്റിലായ ആലീസിനെ ഇന്നലെ വൈകീട്ട് കോടതിയിൽ ഹാജരാക്കി.