ചാവക്കാട്: ഉന്നതനിലവാരത്തിൽ മൂന്നു കോടി രൂപ ചെലവിൽ രണ്ടു ദിവസം മുമ്പ് ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തിയ റോഡിലെ മെറ്റലുകൾ ഇളകി. കടപ്പുറം അഞ്ചങ്ങാടി വളവിലാണ് വ്യാപകമായി മെറ്റലുകൾ ഇളകിത്തുടങ്ങിയത്. വെള്ളിയാഴ്ചയാണ് ടാറിംഗ് പൂർത്തിയാക്കിയത്.

ബി.എം ആൻഡ് ബി.സി ടാറിംഗിന് ഉപയോഗിക്കേണ്ട അളവിൽ മെറ്റലും ടാറും ഉപയോഗിക്കാതിരിക്കുന്നതാണ് ഒരു ദിവസം പൂർത്തിയാകും മുമ്പേ മെറ്റലുകൾ ഇളകാൻ കാരണമെന്നാണ് ആരോപണം. കൂടാതെ നിർമ്മാണത്തിൽ വൻ ക്രമക്കേട് നടന്നതായും നാട്ടുകാർ ആരോപിക്കുന്നു.

ചാവക്കാട് മുല്ലത്തറ മുതൽ കടപ്പുറം അഞ്ചങ്ങാടി വരെയാണ് ടാറിംഗ് നടത്തിയിട്ടുള്ളത്. എന്നാൽ ടാറിംഗ് പൂർത്തിയായിട്ടില്ലെന്നും ടാർ ക്ഷാമം മൂലം പണി തടസ്സപ്പെട്ടെന്നാണ് എൻജിനിയറുടെ വിശദീകരണം. അഞ്ചങ്ങാടി വളവിൽ മെറ്റലുകൾ ഇളകിയ ഭാഗത്ത് വീണ്ടും ടാറിംഗ് നടത്താൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഡ് ടാറിംഗിന് പുറമെ ബ്ലാങ്ങാട് ഭാഗത്ത് റോഡിന് കുറുകെ രണ്ടിടങ്ങളിൽ കാന നിർമ്മാണവും റോഡിന്റെ സുരക്ഷയ്ക്കായി ചിലയിടങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്നുണ്ട്.