കോടാലി: കാട്ടാനശല്യത്തിന് തടയിടാൻ സ്ഥാപിച്ച സോളാർവേലികൾ കാട്ടാനകൾ തന്നെ നശിപ്പിച്ചു. ശല്യം വർദ്ധിച്ചതോടെ കർഷകരുടെയും സമീപവാസികളുടെയും സ്വൈര്യജീവിതവും നശിച്ചു. കഴിഞ്ഞദിവസം ഇഞ്ചക്കുണ്ട്, പരുന്ത് പാറ പ്രദേശങ്ങളിൽ ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു. തടയാനുള്ള പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാനകളെത്തുന്നത് പതിവാകുന്നുണ്ട്.
തെങ്ങുകൾ, അടയ്ക്കാമരങ്ങൾ, വാഴകൾ, ജാതി, റബ്ബർ തുടങ്ങി കൃഷികളാണ് നശിപ്പിക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മാസങ്ങൾക്ക് മുമ്പാണ് വനംവകുപ്പ് 10 കിലോമിറ്റർ സോളാർ വേലി സ്ഥാപിച്ചത്.
എന്നാൽ സോളാർ വേലിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാൽ ശല്യത്തിന് കുറവുണ്ടായില്ല. ഇതിനിടെ പലതവണ വനംവകുപ്പും നാട്ടുകാരും ചേർന്ന് കാട്ടാനകളെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ട് വർഷം മുമ്പ് മേയ് മാസത്തിൽ മുപ്ലിയിൽ ആരംഭിച്ച കാട്ടാനശല്യം വെള്ളിക്കുളങ്ങര മേഖലയിലെ പോത്തംചിറ, താളുപ്പാടം, കാരിക്കടവ്, ഇഞ്ചക്കുണ്ട്, പരുന്തുപാറ, പത്തുകുളങ്ങര, അമ്പനോളി, നായാട്ടുകുണ്ട്, ചൊക്കന, ഹാരിസൻ മലയാളം പ്ലാന്റേഷൻ, വെള്ളിക്കുളങ്ങര തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.
വില്ലുകുന്ന് മലയിൽ തമ്പടിച്ചാണ് ആനകൾ സമീപപ്രദേശങ്ങളിലേക്ക് രാത്രിയിൽ എത്തുന്നത്. പറമ്പുകളിൽ ചെയ്യുന്ന കൃഷികൾ നശിപ്പിക്കുന്നതിൽ കർഷകർ അതീവനിരാശയിലാണ്. മാസങ്ങൾക്ക് മുമ്പ് മുപ്ലിയിൽ ഫിറോസ് എന്ന യുവാവ് ബൈക്കിൽ സഞ്ചരിക്കവേ ആക്രമിച്ചിരുന്നു. ഈ പ്രദേശത്തെ വിവിധ കൃഷിയിടങ്ങളിലായി നൂറോളം തെങ്ങുകളാണ് ആന നശിപ്പിച്ചത്.
ജീവനും സ്വത്തിനും യാതൊരു സംരക്ഷണവും ഇല്ലാതായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നിരന്തര പരാതികൾക്കൊടുവിൽ രണ്ടുവർഷം മുൻപാണ് വനംവകുപ്പ് സോളാർവേലി സ്ഥാപിക്കാൻ നടപടിയെടുത്തത്. രണ്ട് മീറ്റർ ഉയരത്തിൽ ഏഴ് ലൈനുകളിൽ നിർമിക്കുന്ന വേലിക്കിടയിലൂടെ ചെറിയ ജീവികൾക്കു പോലും പ്രവേശിക്കാൻ കഴിയാത്ത വിധമായിരുന്നു നിർമ്മാണം.
എന്നാൽ ഈ വേലിയിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാത്തതിനാൽ കാട്ടാനകൾ തന്നെ നശിപ്പിക്കുകയായിരുന്നു. മലയോര മേഖലകളിലെ കൃഷിയിടങ്ങളിൽ മറ്റ് വന്യമൃഗങ്ങളുടെ ശല്യവുമുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ വനംവകുപ്പ് ഇടപെട്ട് അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പ്രതികരണം
ട്രഞ്ച് കുഴിക്കാൻ നടപടിയായില്ല
സോളാർവേലി മൂന്ന് തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും കൃത്യമായി വൈദ്യുതി ഓൺചെയ്യാനും ഓഫ് ചെയ്യാനും സാധിക്കാത്തതിനാൽ വീണ്ടും ആനകൾ നശിപ്പിക്കുകയാണ്. ട്രഞ്ച് കുഴിക്കാൻ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല..
-പി.എസ്. ഷൈലൻ, മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ
കാട്ടാനഭിതിയിൽ കഴിയുന്നത്
ഇഞ്ചക്കുണ്ട്
പരുന്ത് പാറ
പോത്തംചിറ
താളുപ്പാടം
കാരിക്കടവ്
ഇഞ്ചക്കുണ്ട്
പരുന്തുപാറ
പത്തുകുളങ്ങര
അമ്പനോളി
നായാട്ടുകുണ്ട്
ചൊക്കന
ഹാരിസൻ മലയാളം പ്ലാന്റേഷൻ
വെള്ളിക്കുളങ്ങര