മാള: മാളയിൽ വാഹനം തടഞ്ഞു നിറുത്തി എക്സൈസ് സംഘം യുവാവിനെ മർദ്ദിച്ചതായി പരാതി. പിക്കപ്പ് വാൻ ഡ്രൈവറായ പുത്തൻചിറ സ്വദേശി പുതുവീട്ടിൽ സെയ്ഫുദീനാണ് മർദ്ദനമേറ്റത്. നട്ടെല്ലിന് മർദ്ദനമേറ്റ സെയ്ഫുദീൻ മാള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് സെയ്ഫുദീൻ പറയുന്നത് ഇങ്ങനെയാണ്:
ശനിയായാഴ്ച ചക്ക കച്ചവടവുമായി ബന്ധപ്പെട്ട് കുഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പോയി പിക്കപ്പ് വാനിൽ തിരിച്ചു വരുമ്പോൾ വലിയപറമ്പ് മുതൽ എക്സൈസ് വാഹനം പിന്നിലുണ്ടായിരുന്നു. കോട്ടമുറിയെത്തിയപ്പോൾ മുന്നിൽ കയറിയ എക്സൈസ് വാഹനം നിറുത്തി വാഹനത്തിൽ ഒന്നുമില്ലെന്ന് പറഞ്ഞ് മുന്നോട്ട് എടുത്തു യി. എന്നാൽ കാവനാട് എത്തിയപ്പോൾ പിന്തുടർന്ന് വന്ന ജീപ്പ് കണ്ടപ്പോൾ പിക്കപ്പ് വാഹനം വഴിയിൽ ഒതുക്കി നിറുത്തി. തുടർന്ന് തന്റെ വാഹനത്തിന് മുന്നിൽ കയറ്റിയിട്ട ജീപ്പിൽ നിന്ന് ഇറങ്ങി വന്ന എക്സൈസ് അധികൃതർ റോഡിൽ വെച്ച് മർദ്ദിച്ചു.
രോഗിയാണെന്ന് അറിയിച്ചിട്ടും വയറിലും നട്ടെല്ലിലും കാൽമുട്ട് ഉപയോഗിച്ച് മർദ്ദിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന മക്കയിൽ നിന്ന് കൊണ്ടുവന്ന സംസം വെള്ളം റോഡിൽ ഒഴിച്ചുകളഞ്ഞ് ആക്ഷേപിച്ചു. ചക്കയെടുക്കാൻ കൊണ്ടുപോയ 12,000 രൂപയിൽ 1200 ഒഴികെയുള്ളത് പേഴ്സിൽ നിന്ന് എടുത്തതായും ഇയാൾ പരാതിപ്പെടുന്നു. രോഗിയായ താൻ ഒരു വർഷം മുമ്പ് മാത്രമാണ് വീണ്ടും ജോലി ചെയ്തു തുടങ്ങിയത്. സംഭവം അറിഞ്ഞ് നാട്ടുകാർ കൂടുമെന്ന അവസ്ഥയുണ്ടായപ്പോൾ ബലമായി ജീപ്പിൽ കയറ്റി എക്സൈസ് ഓഫീസിൽ കൊണ്ടുപോയി പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ കാവനാട് വാഹനം നിറുത്തി സെയ്ഫുദീൻ പുറത്തിറങ്ങി മദ്യപിച്ചതായും മദ്യം കണ്ടെടുത്തതായും എക്സൈസ് ഇൻസ്പെക്ടർ കോമളൻ പറഞ്ഞു. പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചതിന് സെയ്ഫുദീനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടുവെന്നും മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും വടമ എക്സൈസ് ഇൻസ്പെക്റ്റർ അറിയിച്ചു.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആശുപത്രിയിൽ സെയ്ഫുദീനെ സന്ദർശിച്ച വി.ആർ. സുനിൽ കുമാർ എം.എൽ.എ.ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നേതാക്കളും ആശുപത്രിയിലെത്തി...