അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേതത്തിലെ മേടഭരണി കാർത്തിക വേല ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം സോപാനസംഗീതവും, പഞ്ചരത്‌ന കീർത്തനാലാപനവും നടന്നു. വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും അരങ്ങേറി. ഏഴ് ആനകളോടെ കൂട്ടിയെഴുന്നള്ളിപ്പും നടന്നു.

ഇന്ന് നടക്കുന്ന വിവിധ ദേശക്കാരുടെ വേലയോടെ കാവു തീണ്ടി നടയടക്കും. വെടിക്കെട്ട് വേണ്ടെന്നു വച്ചു. വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നടത്തിപ്പിന് ജില്ലാ ഭരണകൂടം വേണ്ടത്ര സൗകര്യങ്ങൾ ചെയ്തില്ല എന്ന പരാതി ഉയരുന്നുണ്ട്. വെടിക്കെട്ട് നടത്താൻ അനുയോജ്യമായ സുരക്ഷിത സ്ഥലമെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോഴും ഹൈക്കോടതി അനുകൂല വിധി നൽകിയിട്ടും വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ് പൂരപ്രേമികൾ.

ദൂരദേശങ്ങളിൽ നിന്നു വരെ വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ ആയിരങ്ങൾ ഒഴുകിയെത്താറുണ്ട്. എന്നാൽ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നതോടെ വെടിക്കെട്ടിന്റെ ശോഭ കുറഞ്ഞതിൽ പൂരപ്രേമികൾ നിരാശയിലായിരുന്നു. കാലങ്ങളായി ഒരു അപകടം പോലും വരുത്താതെ 500 ഏക്കർ വരുന്ന കോൾപ്പാടത്തു നടത്തുന്ന വെളുത്തൂർ നമ്പോർക്കാവ് വെടിക്കെട്ടിനാണ് ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും നാമമാത്രമായ വസ്തുക്കൾ ഉയോഗിക്കാൻ മാത്രം അനുമതി നൽകിയതെന്നാണ് ആക്ഷേപം.