ഗുരുവായൂർ: വൈശാഖത്തിലെ ആദ്യ ദിനമായ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വൻതിരക്ക്. 23 വിവാഹങ്ങളും 600 ഓളം കുട്ടികൾക്ക് ചോറൂണും ഉണ്ടായി. അഞ്ച് പേർക്ക് പ്രത്യേക ദർശനത്തിനുള്ള ശ്രീലകത്ത് നെയ് വിളക്ക് തെളിക്കാനുള്ള 4500 രൂപയുടെ വഴിപാട് 53 പേരും, ഒരാൾക്ക് പ്രത്യേക ദർശനത്തിനുളള 1000 രൂപയുടെ വഴിപാട് 396 പേരും ശീട്ടാക്കി. വൈശാഖമാസത്തോട് അനുബന്ധിച്ചുള്ള ഭാഗവത സപ്താഹവും ആരംഭിച്ചു. ആഞ്ഞം മധുസൂദനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരിയും താമരക്കുളം നാരായണൻ നമ്പൂതിരിയും നടത്തുന്നതാണ് ആദ്യ സപ്താഹം. പ്രൊഫ. മാധവപ്പള്ളി കേശവൻ നമ്പൂതിരി, തട്ടയൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, തോട്ടം ശ്യാം നമ്പൂതിരി എന്നിവരുടെ സപ്താഹങ്ങൾ തുടർന്ന് നടക്കും.