തൃശൂർ: പൂരനാളുകളിൽ ശക്തന്റെ തട്ടകത്തേക്ക് ഒഴുകിയെത്തുന്ന പുരുഷാരത്തിന് മുന്നിൽ മനോഹാരിത പകരുന്ന പൂരപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. സാമ്പിൾ ദിനമായ 11 ന് സന്ധ്യയോടെ മിഴിതുറക്കുന്ന പന്തലുകൾ ഓരോ വർഷവും വ്യത്യസ്തത പുലർത്തുന്നതാണ്. നടുവിലാൽ, നായ്ക്കനാൽ, മണികണ്ഠനാൽ എന്നിവിടങ്ങളിലാണ് പൂരപ്പന്തലുകൾ ഉയരുന്നത്.
തിരുവമ്പാടിക്ക് രണ്ട് പന്തലുകളാണ്. നടുവിലാലിലും നായ്ക്കനാലിലും. പന്തൽ നിർമ്മാണ രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള കാനാട്ടുകര ദാസനും മിണാലൂർ ചന്ദ്രനുമാണ് തിരുവമ്പാടിയുടെ അമരക്കാർ. നടുവിലാലിൽ ദാസനും നായ്ക്കനാലിൽ ചന്ദ്രനുമാണ് വിസ്മയപ്പന്തലുകൾ ഒരുക്കുന്നത്. പതിനഞ്ചോളം പേരടങ്ങുന്ന സംഘങ്ങളാണ് പന്തലുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.
പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ ഉയർത്തുന്ന പന്തലിന് ഇത്തവണ പുതുമുഖമാണ്.
കേരളത്തിലെ ഒട്ടനവധി സ്ഥലങ്ങളിൽ അലങ്കാരപ്പന്തലുകൾ ഉയർത്തിയിട്ടുള്ള ചേറൂർ മണികണ്ഠനാണ് ഇത്തവണ നേതൃത്വം നൽകുന്നത്. പന്തലുകളുടെ നിർമ്മാണം കഴിഞ്ഞാൽ അടിയിലൂടെ എല്ലാ വാഹനങ്ങൾക്കും കടന്നു പോകാവുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നിർദ്ദേശം ഇരു ദേവസ്വങ്ങളും സ്വീകരിക്കുകയായിരുന്നു...