പുതുക്കാട്: പുതുക്കാടിനടുത്ത് നന്തിപുലത്തെ ശിവാനി സിൽക്‌സ് സ്വത്ത് തർക്കത്തെ തുടർന്ന് ഇളയ സഹോദരൻ കത്തിച്ചതാണെന്ന് ചാലക്കുടി ഡിവൈ.എസ്.പി, കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുണിക്കട ഉടമയുടെ സഹോദരനും സംഭവത്തിന്റെ സൂത്രധാരകനുമായ നന്തിപുലം കൊല്ലിക്കര സത്യന്റെ മകൻ സുർജിത് (35) , കൊടുങ്ങല്ലൂർ ചാമക്കാല ചക്കുഞ്ഞി കോളനിയിലെ ചക്കനാത്ത് വീട്ടിൽ സുരേഷിന്റെ മകൻ അപ്പു (23), നന്തിപുലം കാരുക്കാരൻ അന്തോണിയുടെ മകൻ പ്രീജോ (32), എന്നിവർ പിടിയിലായി.
ഒന്നര വർഷം മുമ്പായിരുന്നു തീപിടിത്തം. തുണിക്കടയ്ക്ക് തീയിട്ടത് അപ്പുവും ഇയാൾക്ക് പെട്രോൾ വാങ്ങി നൽകിയതും ക്വട്ടേഷൻ പണത്തിന്റെ ഒരു ഭാഗം എത്തിച്ചതും പ്രീജോയാണ്. തെളിയാതെ കിടക്കുന്ന കേസുകളെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിനാണ് കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചത് . രാത്രികാല പരിശോധനയുടെ ഭാഗമായി ഒന്നരയാഴ്ച മുമ്പ് ആമ്പല്ലൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മുൻകാല കുറ്റവാളികളിലൊരാളെ ക്രൈം സ്‌ക്വാഡ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിന് തുമ്പുണ്ടാകുന്നത്. രാത്രി ഒരു യുവാവ് കുപ്പിയുമായി നന്തിപുലം റോഡിലൂടെ പോകുന്നത് കണ്ടു എന്നറിവ് ലഭിച്ചതോടെ ഈ രൂപവുമായി സാദൃശ്യമുള്ളയാൾക്കായി അന്വേഷണ സംഘം തെരച്ചിൽ നടത്തി. തുടർന്ന് മതിലകം, കയ്പമംഗലം മേഖലയിൽ അടിപിടി കേസുകളിലും , വധശ്രമക്കേസിലും പ്രതിയായ ജിഷ്ണുവിനെ ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്വട്ടേഷൻ കൊടുത്ത സുർജിത്തും , സഹായി പ്രീജോയും പിടിയിലായത്.
സഹോദരനുമായി സ്വത്ത് തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് സുർജിത് സുഹൃത്തായ പ്രീജുവിനോട് മദ്യപാനത്തിനിടയിൽ ചേട്ടന് ഒരു പണി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ചേട്ടന്റെ ഭാര്യയുടെ പേരിലുള്ള തുണിക്കട കത്തിക്കാനായി ജിഷ്ണുവിന് ഒരു ലക്ഷത്തോളം രൂപ കൈമാറി. സംഭവദിവസം രാത്രിയോടെ തൃശൂരിൽ നിന്നും എത്തിയ ജിഷ്ണു പുതുക്കാടെത്തി ഇവിടെ നിന്നും നടന്ന് നന്തിപുലത്തെത്തി. അർദ്ധരാത്രിയോടെ അവിടെ കിടന്ന തുണി കഷണങ്ങളിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് വെന്റിലേറ്റർ വഴി ഉള്ളിലേക്ക് ഇടുകയായിരുന്നു. സംഭവത്തിന് ശേഷം തൃശൂരിലേക്ക് പോയി അവിടെ തങ്ങി രാവിലെ വീണ്ടും പുതുക്കാടെത്തി പണവും വാങ്ങി കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു. ഓണക്കച്ചവടത്തിനായി സംഭരിച്ച തുണിത്തരങ്ങളാണ് കത്തി നശിച്ചത് . 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പ്രത്യേകാന്വേഷണ സംഘത്തിൽ വരന്തരപ്പിള്ളി സി .ഐ എസ്. ജയകൃഷ്ണൻ , എസ്.ഐ പ്രദീപ് കുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനമോൻ തച്ചേത്ത് , സതീശൻ മടപ്പാട്ടിൽ , റോയ് പൗലോസ്, പി.എം മൂസ്സ, വി.യു. സിൽജോ, ഷിജോ തോമസ് , എ.എസ്.ഐ സത്യനാരായണൻ , സീനിയർ സി .പി .ഒ സുനിൽകുമാർ എന്നിവരുമുണ്ടായിരുന്നു..