കൊടുങ്ങല്ലൂർ: ഓക്സിജൻ സിലിണ്ടറിന്റെ കൺട്രോൾ വാൽവ് ഘടിപ്പിക്കുന്ന ഭാഗം തെറിച്ചുണ്ടായ വാതക ചോർച്ച, തീപിടുത്തത്തിലെത്തി. ജീവനക്കാരുടെയും മറ്റും അവസരോചിത ഇടപെടൽ അനിഷ്ട സംഭവങ്ങളൊഴിവാക്കി. ഗൗരീശങ്കർ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പുറത്ത് സജ്ജീകരിച്ചിട്ടുള്ള ഓക്സിജൻ പ്ളാന്റിൽ ഘടിപ്പിച്ചിരുന്ന സിലിണ്ടറിന്റെ മുകൾ ഭാഗമാണ് തെറിച്ചു പോയത്. ഇത് കൺട്രോൾ പാനലിൽ തീ ആളുന്ന അവസ്ഥയുണ്ടാക്കി. ഇതോടെ അഗ്നിശമന സംവിധാനവും മറ്റും ഉപയോഗിച്ച് തീ അണച്ച് പ്ളാന്റിൽ ശേഖരിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകളെല്ലാം പുറത്തേക്ക് മാറ്റി. സംഭവമറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി..