പാവറട്ടി: ദുരുശിൽപ്പി എളവള്ളി നന്ദന്റ നേതൃത്വത്തിൽ നൂറണി ക്ഷേത്രത്തിൽ ആദിശേഷന്റെ ദാരുശില്പം ഒരുങ്ങി. പാലക്കാട് നൂറണി ശിവക്ഷേത്രത്തിലെ പുതിയതായി നിർമ്മിച്ച സർപ്പശ്രേഷ്ടനായ ആദിശേഷന്റെ ദാരുശിൽപ്പമാണ് പൂർത്തിയായത്. പൂർണ്ണമായും കുമിഴു മരത്തിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. 5 അടി ഉയരവും 36 ഇഞ്ച് വീതിയുമുള്ള ഒറ്റമരത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. എട്ട് ആനകളുടെയും എട്ട് സർപ്പങ്ങളുടെയും മുകളിലായി ചുരുണ്ടിരിക്കുന്ന വിധത്തിലാണ് ശിൽപ്പം ഒരുക്കിയിരിക്കുന്നത്. ദാരുശിൽപ്പി എളവള്ളി നന്ദനാണ് ശിൽപ്പം നിർമ്മിച്ചത്. അന്തരിച്ച പ്രശസ്ത ദാരുശിൽപ്പി എളവള്ളി നാരായണൻ ആചാരിയുടെ മകനാണ് നന്ദൻ.
ശിൽപ്പ നിർമ്മാണത്തിന് സഹായികളായി നവീൻ, രവീന്ദ്രൻ, കേശവൻ, വിനോദ് മാരായമംഗലം, പ്രവീൺ, ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിച്ചുകൊണ്ടു പോകുന്ന വിധത്തിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. പഴയ ശിൽപ്പം കേടുവന്നതിനെ തുടർന്ന് പുതുക്കി നിർമ്മിക്കുകയായിരുന്നു.