തൃശൂർ: ശക്തന്റെ തട്ടകം പൂരാവേശത്തിൽ. ഇന്ന് കൊടിയേറ്റം. സ്വരാജ് റൗണ്ടിലെ പൂരപ്പന്തൽ നിർമ്മാണവും പൂരത്തിനുള്ള വിവിധ ഒരുക്കങ്ങളും മൂലം നഗരമാകെ വൻതിരക്കിലാണ്. ഗതാഗത കുരുക്കും ജനങ്ങളെ വലയ്ക്കുന്നു. പ്രധാന പൂരസംഘാടകരായ പാറമേക്കാവ് - തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂര ക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. ഏഴാം നാൾ 13നും 14നും ആണ് പൂരം. 11ന് പൂരം സാമ്പിൾ വെടിക്കെട്ട് നടക്കും. പാറമേക്കാവിന്റെ ചമയപ്രദർശനം 11, 12 തിയതികളിലും തിരുവമ്പാടിയുടേത് 12നും നടക്കും.
ഇന്ന് 11.30നും 11.45നും ഇടയ്ക്കാണ് തിരുവമ്പാടി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റം. പാറമേക്കാവിൽ 12നും 12.15നും ഇടയ്ക്ക്. തിരുവമ്പാടിയിൽ കൊടിയേറ്റ ശേഷം ഉച്ചയ്ക്ക് നായ്ക്കനാൽ, നടുവിലാൽ എന്നിവയ്ക്ക് മുകളിലും പാറമേക്കാവിൽ ക്ഷേത്രത്തിന് മുന്നിലെ പാലമരത്തിലും മണികണ്ഠനാലിന് മുകളിലും പൂരം കൊടികളുയരും. ഘടകപൂരങ്ങളിലാണ് ആദ്യം കൊടിയേറുക. ലാലൂർ ക്ഷേത്രത്തിൽ രാവിലെ 8നും 8.15നും ഇടയ്ക്കാണ് കൊടിയേറ്റ്. അയ്യന്തോളിൽ 11നും 11.15നും, ചെമ്പൂക്കാവിൽ വൈകീട്ട് ആറിനും 6.15നും, പനമുക്കുംപിള്ളിയിൽ 6.15നും-6.30നും, കാരമുക്കിൽ 6.15നും 6.30നും, കണിമംഗലത്ത് 6നും 6.15നും, ചൂരക്കോട്ടുകാവിൽ 6.45നും-7നും, നെയ്തലക്കാവിൽ 8നും 8-15നും ഇടയ്ക്കുള്ള സമയത്താണ് കൊടിയേറ്റം. പൂരത്തിനുള്ള ഔദ്യോഗിക ഒരുക്കം ജില്ലാ ഭരണകൂടവും പൊലീസും, കോർപറേഷനും, ആരോഗ്യവകുപ്പും, ഫയർ സർവീസുകാരുമെല്ലാം പൂർത്തിയാക്കി വരികയാണ്. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഇത്തവണ പൂരത്തിന് ഒരുക്കുന്നത്.