 കോടതി നിരീക്ഷണം ഉൾപ്പെടുത്തി ദേവസ്വം വീണ്ടും പെസോ ചീഫ് കൺട്രോളറെ സമീപിക്കും

തൃശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെട്ടിക്കെട്ട് മുൻവർഷങ്ങളിലേത് പോലെ നടത്താനുള്ള സാദ്ധ്യത തെളിഞ്ഞു. ഇരുദേവസ്വങ്ങളും ഇന്നലെ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണമാണ് അനിശ്ചിതാവസ്ഥയിലായിരുന്ന വെട്ടിക്കെട്ടിന് ജീവൻ നൽകിയത്. കോടതി നിരീക്ഷണമനുസരിച്ച് മുൻവർഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്തുന്നതിന് സാങ്കേതികപരമായി യാതൊരു തടസവും ഇല്ലെന്ന് ദേവസ്വം പ്രതിനിധികൾ പറഞ്ഞു.

വെടിക്കെട്ടിന് അനുമതി നേരത്തെ നൽകിയിട്ടുണ്ടല്ലോയെന്നായിരുന്നു ഇന്നലെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. പെസോ (പെട്രോളിയം ആൻഡ് എക്‌സ്പ്‌ളോസീവ് ഓർഗനൈസേഷൻ) ചീഫ് കൺട്രോളർ അനുമതി നൽകാത്ത കാര്യം ദേവസ്വങ്ങളുടെ അഭിഭാഷകൻ കോടതി മുമ്പാകെ അവതരിപ്പിച്ചപ്പോൾ നേരത്തെയുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ഉൾപ്പെടുത്തി അപേക്ഷ നൽകാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.

ഏപ്രിൽ 11ന്റെ സുപ്രീം കോടതി ഉത്തരവ് ഉൾപ്പെടുത്തിയാണ് ഇരുദേവസ്വങ്ങളും അനുമതിക്കായി അപേക്ഷ നൽകിയതും വെട്ടിക്കെട്ട് സാധനങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി പെസോ ചീഫ് കൺട്രോളർ മുമ്പാകെ ഹാജരാക്കിയതും. ഈ സമയത്താണ് ഓലപ്പടക്കത്തിന് അനുമതി നിഷേധിച്ച ഒരു വർഷം മുമ്പുള്ള സുപ്രിംകോടതി ഉത്തരവ് ചീഫ് കൺട്രോളർ ചൂണ്ടിക്കാട്ടിയത്.

ഡൽഹിയിലെ ഫ്‌ളാറ്റുകളിൽ ഓലപ്പടക്കം ഉപയോഗിക്കുന്നത് പരിസ്ഥിതി നാശത്തിന് കാരണമാകുന്നുവെന്ന ഹർജിയിലാണ് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയതെന്നും സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തുന്ന വെടിക്കെട്ടിന് വിധി ബാധകമല്ലെന്നും ഇരുദേവസ്വങ്ങളും വാദിച്ചെങ്കിലും പെസോ ചീഫ് കൺട്രോളർ ഇതു വകവെച്ചില്ല. ഇതേത്തുടർന്നാണ് ഇന്നലെ ദേവസ്വങ്ങൾ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.

പൂരം അടുത്തിട്ടും വെടിക്കെട്ടിനുള്ള അനുമതി നിയമക്കുരുക്കിൽപ്പെട്ടത് കഴിഞ്ഞ വർഷം ഇരുദേവസ്വങ്ങളെയും സങ്കടത്തിലാക്കിയിരുന്നു. അവസാനമാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. ഇത്തരമൊരു ആശയക്കുഴപ്പവും പ്രതിസന്ധിയും മറികടക്കാനാണ് ഇക്കുറി നേരത്തെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം സുപ്രീം കോടതിയെ സമീപിച്ച് കഴിഞ്ഞ വർഷത്തേതുപോലെ വെടിക്കെട്ട് നടത്താൻ അനുമതി സമ്പാദിച്ചത്. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ആചാരപരമായി വർഷങ്ങളായി നടന്നുവരുന്നതാണെന്നും ഇതിൽ കോടതി ഇടപെടുന്നില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ഇക്കുറി ഏപ്രിൽ 11ന് സുപ്രിംകോടതി വെടിക്കെട്ടിന് അനുമതി നൽകിയത്.

കോടതി ഉത്തരവിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻകുട്ടിയും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പൊതുവാളും ആഹ്ലാദം രേഖപ്പെടുത്തി 14ന് പുലർച്ചെയാണ് വെടിക്കെട്ട്.

പ്രതിസന്ധി തീരും

കോടതി നീരീക്ഷണം പെസോ ചീഫ് കൺട്രോളറുടെ ശ്രദ്ധയിൽപെടുത്തും. സാങ്കേതികത്വം വീണ്ടും ഉന്നയിക്കില്ലെന്നാണ് പ്രതീക്ഷ

ജി. രാജേഷ് ( പാറമേക്കാവ് ദേവസ്വം സെക്രട്ടറി)