കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മേഖലയിലെ മുഴുവൻ സ്കൂളുകളിലെയും വിജയം സംസ്ഥാന ശരാശരിക്കു മുകളിലെത്തി. കൊടുങ്ങല്ലൂർ ഗവ. ഗേൾസ്, പുല്ലൂറ്റ് വി.കെ. രാജൻ സ്കൂൾ എന്നീ സർക്കാർ സ്കൂളുകളും കോട്ടപ്പുറം സെന്റ് ആൻസ്, അഴീക്കോട് സീതിസാഹിബ്, മതിലകം സെന്റ് ജോസഫ്സ്, മതിലകം ഒ.എൽ.എഫ് എന്നീ എയ്ഡഡ് സ്കൂളുകളും നൂറുമേനിയുടെ നേട്ടം കൈവരിച്ചു.
കൊടുങ്ങല്ലൂർ ബോയ്സിൽ മൂന്ന് കുട്ടികളും, പനങ്ങാട് ഹയർ സെക്കൻഡറിയിൽ രണ്ടും, എടവിലങ്ങിൽ ഒരാളും ഉപരിപഠനത്തിന് അയോഗ്യരായത് ഈ സ്കൂളുകളുടെ നൂറ് മേനിയുടെ നേട്ടം ഇല്ലാതാക്കി. ഗവ. സ്കൂളുകളിൽ കൊടുങ്ങല്ലൂർ ഗേൾസ് ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 323 കുട്ടികൾ പരീക്ഷയെഴുതിയ ഇവിടെ 34 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കാരായി. ഗവ. ബോയ്സിലെ 310 ൽ 28 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എറിയാട് കെ.വി.എച്ച്.എസിൽ ഒരിടവേളക്ക് ശേഷമാണ് നൂറ് മേനിയുടെ തിളക്കം കൈവരിച്ചത്. ഇവിടുത്തെ 212 പേരിൽ നാലു പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ചരിത്രത്തിൽ ആദ്യമായി 100% വിജയം കൈവരിച്ച അഴീക്കോട് സീതിസാഹിബ് സ്കൂളിൽ 265 പേർ പരീക്ഷയെഴുതി, 17 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പുല്ലൂറ്റ് വി.കെ. രാജൻ സ്കൂളിൽ 103 പേരാണ് പരീക്ഷയെഴുതിയത് ഇവരിൽ രണ്ടുപേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തീരദേശത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ മതിലകം സെന്റ് ജോസഫ്സിൽ 432 പേർ പരീക്ഷയെഴുതിയതിൽ 39 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 338 പേർ എഴുതിയ കോട്ടപ്പുറം സെന്റ് ആൻസിലെ 33 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മതിലകം ഒ.എൽ.എഫിൽ 204 പേർ പരീക്ഷ എഴുതി 25 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പനങ്ങാട് സ്കൂളിൽ 244 പേർ പരീക്ഷയെഴുതിയതിൽ രണ്ട് പേർ ഉപരിപഠനത്തിന് അയോഗ്യരായെങ്കിലും 5 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എടവിലങ്ങിലെ 57 പേരിൽ 56 പേരും ജയിച്ചെങ്കിലും ആർക്കും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ഇല്ല.