എരുമപ്പെട്ടി: എസ്.എസ്.എൽ.സി പരീക്ഷയിൽ തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ചെന്ന ബഹുമതി ഇത്തവണയും എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ലഭിച്ചു. 623 വിദ്യാർത്ഥികൾ പരീക്ഷയെഴുതി 596 പേരും വിജയിച്ചാണ് ഈ സുവർണ നേട്ടം സർക്കാർ സ്‌കൂൾ സ്വന്തമാക്കിയത്. 21 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 96 ആണ് വിജയ ശതമാനം.

സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിഭാഗം 100 ശതമാനം വിജയം നേടി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയും നൈറ്റ് ക്ലാസ്, കോർണർ പി.ടി.എ, വീട് സന്ദർശിക്കൽ എന്നിവ കൃത്യതയോടെ നടത്തിയുമാണ് സ്‌കൂൾ സുവർണ്ണ നേട്ടം കരസ്ഥമാക്കിയത്. പഠത്തോടൊപ്പം കലാ കായിക മേഖലകളിലും വലിയ രീതിയിൽ മികവ് പുലർത്തുന്ന ഈ സർക്കാർ സ്‌കൂളിൽ എല്ലാ വർഷവും വിദ്യാർത്ഥികളുടെ വലിയ വർദ്ധനവാണ് അനുഭവപ്പെടാറുള്ളത്.

കഴിഞ്ഞ വർഷവും 96 ശതമാനം വിജയം നേടിയിരുന്നു. വേലൂർ തയ്യൂർ ഗവ. സ്‌കൂളിൽ 55 വിദ്യാർത്ഥികൾ പരീക്ഷയെഴുതി വിജയിച്ച് നൂറ് ശതമാനം വിജയം കൈവരിച്ചു. വേലൂർ ആർ.എസ്.ആർ.വി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 165 പേരും വിജയിച്ചു 99 ആണ് വിജയശതമാനം.

കൂട്ടായ്മയുടെ വിജയം

പ്രധാന അദ്ധ്യാപിക എ.എസ് പ്രേംസിയുടെ നേതൃത്വത്തിൽ അദ്ധ്യാപകരുടേയും പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടേയും ആത്മാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം കൈവരിക്കാനായത്.

-എം.എസ്. സിറാജ്, ഡെപ്യൂട്ടി എച്ച്.എം