kda-derick
ഡെറിക്

കൊടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലാമത്സരം കൊടിയിറങ്ങിയപ്പോൾ തൃശൂരിന് കിട്ടിയത് ചടുലതാളങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു പത്തൊമ്പതുകാരനെ. ഡ്രംസിലും ട്രിപ്പിൾ ഡ്രംസിലും ഒന്നാം സ്ഥാനവും ഗ്രൂപ്പിനമായ വെസ്റ്റേൺ ബാൻഡിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ നടത്തറക്കാരൻ ഡെറിക് എസ്. മാത്യുവാണ് താരമായത്.

'സോളിഡ് ബാൻഡി'ൽ പെർക്കഷനിസ്റ്റായ ഷോമി ഡേവിസാണ് കഴിഞ്ഞ ആറു വർഷമായി ഡ്രംസിൽ പരിശീലനം നേടുന്ന ഡെറിക്കിന്റെ ഗുരു. ലണ്ടൻ ട്രിനിറ്റി കോളജിന്റെ ആറാമത്തെ ഗ്രേഡും പാസായിട്ടുള്ള ഈ മിടുക്കന് ഫുൾ ഗ്രേഡ് കരസ്ഥമാക്കാനും ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നോ ജർമ്മനിയിലെ ബേർക്കലീ കോളേജിൽ നിന്നോ ഡ്രംസിൽ മാസ്റ്റേഴ്‌സ് എടുക്കാനും ആഗ്രഹമുണ്ട്.

ഹയർ സെക്കൻഡറിയിൽ 85 ശതമാനം മാർക്ക് നേടിയ ഈ ഡ്രമ്മർ കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിൽ ഡ്രംസിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. കൊടകര സഹൃദയ കോളജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ ബി.കോം ഫിനാൻസ് വിദ്യാർത്ഥിയായ ഡെറിക് എസ്. മാത്യു നടത്തറ പുത്തൻ പറമ്പിൽ വീട്ടിൽ പി.എം. ഷാജിയുടെയും മിനി ഷാജിയുടെയും മകനാണ്.