അരിമ്പൂർ: മനക്കൊടിയിൽ രണ്ടായിരത്തിലധികം താറാവുകൾ ചത്തൊടുങ്ങി. ദുർഗന്ധം വമിച്ചു തുടങ്ങിയതോടെ നാട്ടുകാരുടെ പരിശോധനയിലാണ് മനക്കൊടി കോൾപ്പടവിൽ അഴുകിയ നിലയിൽ താറാവുകളെ കണ്ടെത്തിയത്. മനക്കൊടി കിഴക്കുംപുറത്തെ ചേറ്റുപുഴ പാടത്താണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. താറാവിന് തീറ്റ നൽകുന്നതിനായി കരാറെടുത്ത് ചേറ്റുപുഴ പാടത്ത് തമ്പടിച്ചിരുന്ന അയ്യായിരത്തോളം വരുന്ന താറാവുകളിൽ രണ്ടായിരത്തിലധികം താറാവുകളാണ് അജ്ഞാത രോഗത്തിൽ ചത്തൊടുങ്ങിയത്.
കൊയ്ത്തു കഴിഞ്ഞ ചേറ്റുപുഴ പാടശേഖരം അടുത്ത പൂവ് കൃഷിയിറക്കുന്നതു വരെ താറാവു കൃഷിക്കായി ലേലം നൽകിയിരുന്നു. താറാവുകൾ ചത്തു വീഴുന്ന വിവരം സമീപവാസികൾ അറിഞ്ഞിരുന്നില്ല. രാവിലെ പാടഭാഗത്തു നിന്നുള്ള ദുർഗന്ധം രൂക്ഷമായതോടെ അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കണ്ടെത്തിയത്. പാടവരമ്പുകളിലും കനാലിലുമായി ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയ താറാവുകൾ പലതും ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. കനാലിലെ വെള്ളം നിറയെ താറാവിന്റെ കൊഴുപ്പ് അടിഞ്ഞുകൂടിയ നിലയിലാണ്. പാടത്തിന്റെ ഉൾഭാഗത്തേക്ക് പോകുന്തോറും ദുർഗന്ധം കൂടി വരുന്നുണ്ട്. നാട്ടുകാർ താറാവു നോട്ടക്കാരനെ ചോദ്യം ചെയ്തതിൽ നിന്നും താറാവുകളെ പല സ്ഥലത്ത് കുഴിച്ചിട്ടതായും, പാടവരമ്പിനോട് ചേർന്നുള്ള വലിയ ചെടിക്കൂട്ടങ്ങൾക്കിടയിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും കണ്ടെത്തി.
................
ആരോഗ്യവകുപ്പ് ഇടപ്പെട്ടില്ല, നാട്ടുകാർ ആശങ്കയിൽ
വിവരമറിഞ്ഞ് ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയില്ലെന്നും, ആരോഗ്യ വകുപ്പ് പ്രശ്നത്തിൽ ഇടപ്പെട്ടിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. പാടശേഖരത്തു കനാലിൽ നിന്നുള്ള വെള്ളമാണ് ഭൂമിക്കടിയിലൂടെ സമീപത്തെ കിണറുകളിലെത്തുന്നത്. കനാലിലെ വെള്ളമാകെ പാട കെട്ടി താറാവുകൾ ചത്തൊടുങ്ങിയതുമെല്ലാം നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എന്തുകൊണ്ടെന്ന് അറിയാത്ത സാഹചര്യത്തിൽ സമീപവാസികളെല്ലാം ആശങ്കയിലാണ്.