ചെറുതുരുത്തി: സർക്കാർ വിദ്യാഭ്യാസ അവകാശ സംരക്ഷണ യജ്ഞം തുടങ്ങുന്നതിനു മുൻപേ ഒരു നാടു മുഴുവൻ ഒറ്റക്കെട്ടായി നിന്ന് വിജയഗാഥ രചിച്ച സർക്കാർ സ്കൂളാണ് അതിരാത്രഭൂമിയായ പാഞ്ഞാളിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ. അദ്ധ്യാപകരും വിദ്യാർത്ഥികളും, രക്ഷിതാക്കളും, നാട്ടുകാരും ഒറ്റക്കെട്ടായി നിന്നപ്പോൾ തുടർച്ചയായി അഞ്ചാം വർഷവും സ്കൂളിന് നൂറുമേനി.
ഒരു കാലത്ത് തീർത്തും അവികസിത മേഖലയായ പാഞ്ഞാൾ സ്കൂളിൽ വിദ്യാർത്ഥികളെ കിട്ടാൻ പാടുപെടുന്ന ഒരവസ്ഥയുണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ പ്രവേശനത്തിനായി മത്സരിക്കുകയാണ് രക്ഷിതാക്കൾ. ഈ വർഷം പരീക്ഷയെഴുതിയ 233 വിദ്യാർത്ഥികളെയും ഉപരി പഠനത്തിന് പ്രാപ്തരാക്കാൻ സ്‌കൂളിന് കഴിഞ്ഞു. ജൂൺ മുതൽ തന്നെ അവധിയില്ലാത്ത ചിട്ടയായ പഠന രീതി ഡിസംബർ വരെ തുടരും.
ഡിസംബർ മുതൽ മാർച്ച് ആദ്യവാരം വരെ രാത്രികാല ക്ലാസുകൾ രാപകൽ വ്യത്യാസമില്ലാതെ അദ്ധ്യാപകർ നടത്തുന്ന ഈ യജ്ഞത്തിന് ലഭിച്ചതാകട്ടെ മികച്ച വിജയത്തിളക്കവും. ഈ വർഷവും പതിവുപോലെ ഫെബ്രുവരിയിൽ തന്നെ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് ഭൗതിക സാഹചര്യത്തിലും സ്കൂളിന് ഏറെ മുന്നിലെത്താനായത് സ്വർത്ഥതയില്ലാത്ത കഠിന പ്രയത്‌നം തന്നെയാണെന്നതിൽ സംശയമില്ല. ഈ വിജയം നാടിനുള്ള അംഗീകാരമാണെന്ന് സ്‌കൂളിന്റെ വിജയശിൽപ്പിയും അദ്ധ്യാപകനുമായ പി.ഐ. യൂസഫും, പി.ടി.എ പ്രസിഡന്റ് എൻ.എസ്. ജയിംസും പറഞ്ഞു.