തൃശൂർ: പീച്ചിയിൽ നിന്ന് തൃശൂരിലേക്ക് കുടിവെള്ളം കൊണ്ടുവരുന്ന പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പൈപ്പ് മാറ്റിയിടാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം പി. മോഹൻദാസ് ആറുവരിപ്പാത നിർമ്മാണ കമ്പനിയായ എക്‌സ്പ്രസ് വേ ലിമിറ്റഡ് പ്രൊജക്ട് മാനേജരോടാണ് നിർദ്ദേശിച്ചത്. ആറുവരി നിർമാണ കമ്പനി, സംസ്ഥാന വാട്ടർ അതോറിറ്റി, ജില്ലാ കളക്ടർ എന്നിവരെ എതിർകക്ഷികളാക്കി നേർക്കാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ദേശീയപാത തോട്ടപ്പടിയിൽ തൃശൂർ നഗരവാസികളും എട്ട് പഞ്ചായത്തുകളും ഉപയോഗിച്ചു വരുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. മൂന്നു വർഷമായി മണ്ണുത്തി തോട്ടപ്പടിയിൽ പൊട്ടിയ പൈപ്പ് മാറ്റാതെ ജലം ചോർന്ന് അഞ്ചു ലക്ഷം ലിറ്റർ വെള്ളം നഷ്ടപ്പെടുകയും പത്തു ലക്ഷം രൂപയുടെ ധനനഷ്ടവും സംഭവിച്ചിരുന്നു.