salinimd
എം.ഡി. ശാലിനി

ചാലക്കുടി: ശാലിനി ടീച്ചറിലൂടെ ഗവ. ഗേൾസ് സ്‌കൂൾ പത്തരമാറ്റിന്റെ തിളക്കത്തിൽ. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയമെന്ന നേട്ടം ഈ സർക്കാർ സ്ഥാപനത്തെ തുടർച്ചയായ ഒമ്പതാം വട്ടമാണ് തേടിയെത്തുന്നതെങ്കിലും ഇക്കുറി ഇവിടത്തെ പ്രധാന അദ്ധ്യാപിക ഇതിൽ കേന്ദ്രബിന്ദുവാകുന്നു.

പ്രളയക്കെടുതി നീന്തിക്കടന്നാണ് പെൺകുട്ടികളുടെ വിദ്യാലയം വീണ്ടും വിജയക്കൊടി നാട്ടിയത്. നഷ്ടങ്ങൾ പലതും സംഭവിച്ചെങ്കിലും തന്റെ കുട്ടികളുടെ ഭാവിയെ അത് തടസപ്പെടുത്തരുതെന്ന ശാലിനി ടീച്ചറുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലം കൂടിയാണ് ഈ വർഷത്തെ നേട്ടം. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ പലതും പ്രളയത്തിൽ പ്രവർത്തന രഹിതമായി. മലവെള്ളപ്പാച്ചലിന്റെ ആലസ്യം ആഴ്ചകളോളം സ്‌കൂൾ പ്രവർത്തനങ്ങളിലും നിഴലിച്ചു.എങ്കിലും കടമ്പകൾ മറികടക്കാൻ മറ്റു അദ്ധ്യാപകരോടൊപ്പം ഇവർ മുന്നിൽ നിന്നു.

പരീക്ഷയെഴുതി വിജയിച്ച 44 പേരിൽ എട്ടു കുട്ടികൾ ആദിവാസികളാണെന്ന പ്രത്യേകതയും ഇപ്പോഴത്തെ നേട്ടത്തിന് പൊൻതൂവലായി. കുട്ടികൾക്കായി ഓടുന്ന സ്‌കൂളിലെ രണ്ടു വാഹനങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി നിലയ്ക്കുമെന്ന അവസ്ഥയിൽ ശാലിനി ടീച്ചറുടെ മേൽനോട്ടത്തിൽ നടന്ന പ്രതിവിധികളും ഏറെ ശ്രദ്ധേയമായിരുന്നു.