പുതുക്കാട്: വിദ്യാഭ്യസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ മണ്ഡലത്തിൽ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും നൂറു ശതമാനം വിജയം. സ്വകാര്യ വിദ്യാലയങ്ങളിലും തിളക്കമാർന്ന വിജയമാണ് ഇക്കുറിയും. സർക്കാർ വിദ്യാലയങ്ങളിൽ തുടർച്ചയായി 13 വർഷമായി നൂറ് ശതമാനം വിജയം നേടിയ പുതുക്കാട് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ നേട്ടമാണ് മികച്ചത്. ചെമ്പുച്ചിറ, മുപ്ലിയം, കന്നാറ്റുപ്പാടം, അളഗപ്പനഗർ, തൃക്കൂർ, നന്തിക്കര എന്നിവിടങ്ങളിലെ സർക്കാർ വിദ്യാലയങ്ങൾ നൂറുശതമാനം വിജയം നേടി.

1953ൽ ആരംഭിച്ച തൃക്കൂർ സർവോദയ സ്‌കൂളിൽ ആദ്യമായാണ് നൂറുശതമാനം വിജയം നേടുന്നത്. ഇവിടെ പരീക്ഷ എഴുതിയ 87 വിദ്യാർത്ഥികളും വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസിന് ഒരു വിദ്യാർത്ഥി അർഹനായി. തുടർച്ചയായി പതിമൂന്നാം തവണയും നൂറു ശതമാനം വിജയം കൈവരിച്ച പുതക്കാട് ഗവ. സ്‌കൂളിൽ 24 വിദ്യാർത്ഥികളാണ് പരിക്ഷ എഴുതിയത്. ഒരു വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. നന്തിക്കരയിൽ 141 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് ഇരുന്നത്. നുറുശതമാനം വിജയത്തിനു പുറമെ 13 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

ചെമ്പുച്ചിറയിൽ 22 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 70 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മുപ്ലിയത്ത് 96 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. നൂറു ശതമാനം വിജയവും ഏഴ് പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസും ലഭിച്ചു. തോട്ടം മേഖലയായ കന്നാറ്റുപാടം ഗവ. സ്‌കൂളിലും നൂറു ശതമാനം വിജയമാണ്. 29 വിദ്യാർത്ഥികൾ ഇവിടെ പരീക്ഷ എഴുതി. 58 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ അളഗപ്പനഗർ പഞ്ചായത്ത് സ്‌കൂളിൽ നൂറു ശതമാനം വിജയം ആവർത്തിച്ചു. മന്ത്രിയുടെ മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും നൂറു ശതമാനം വിജയം നേടാനായി എന്ന പ്രത്യേകതയും ഇക്കുറി ഉണ്ടായി.

എയ്ഡഡ് മേഖലയിൽ 328 വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തി നൂറു ശതമാനം വിജയവും 33 എ പ്ലസും നേടിയ മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിന്റെ വിജയമാണ് മികച്ചത്. 326 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഇരുന്ന വരന്തരപ്പിള്ളി പള്ളിക്കുന്ന് സി.ജെ.എം അസംപ്ഷൻ സ്‌കൂളിൽ നൂറു ശതമാനം വിജയത്തിനൊപ്പം 27 പേർക്ക് ഫുൾ എ പ്ലസ് നേടാനായി. മൂന്ന് ഇരട്ട സഹോദരങ്ങൾ ഉൾപ്പെടെ 142 പേർ പരീക്ഷയ്ക്ക് ഇരുന്ന ചെങ്ങാലൂർ സെന്റ് മേരീസ് സ്‌കൂളിൽ നൂറു ശതമാനം വിജയവവും11പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു.