ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 14നാണ് ബ്രഹ്മോത്സവം സമാപിക്കുക. ബ്രഹ്മോത്സവത്തോട് അനുബന്ധിച്ചുള്ള കലശച്ചടങ്ങുകൾ മേയ് ഒമ്പതിന് അവസാനിക്കും. തുടർന്ന് രാത്രി എട്ടിന് ഉത്സവം കൊടികയറും.
മേയ് 11ന് ബ്രഹ്മകലശം അഭിഷേകം ചെയ്യും. എട്ടാം വിളക്ക് ദിവസമായ 12ന് ഉത്സവബലിയും സർപ്പബലിയും 13ന് പള്ളിവേട്ടയും നടക്കും. 14ന് ആറാട്ടുകഴിഞ്ഞ് കൊടിയിറങ്ങുന്നതോടെ ഉത്സവത്തിന് പരിസമാപ്തിയാകും. ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ശ്രീഭൂതബലി, രണ്ടുനേരവും ശീവേലി, ദീപാരാധന, തായമ്പക, ചുറ്റുവിളക്ക് എന്നിവയുണ്ടാകും.
ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആദ്ധ്യാത്മിക കലാ സാംസ്‌ക്കാരിക പരിപാടികൾക്ക് ഇന്ന് വൈകീട്ട് ആറിന് ഊരാളൻ പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോജ്ജ്വലനം നിർവഹിക്കും. ദിവസവും ക്ഷേത്രത്തിൽ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ ജി.കെ. രാമകൃഷ്ണൻ, ബാലൻ വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, ശിവൻ കണിച്ചാടത്ത്, ശശി വാറണാട്ട് എന്നിവർ അറിയിച്ചു.