കടുത്തുരുത്തി : ജനനം, പഠനം, ഇപ്പോൾ വിജയം..അതും 'എപ്ലസ്" വിജയം ..ഒറ്റക്കെട്ടാണ് ഈ മിടുമിടുക്കികൾ. ശ്രവണവൈകല്യത്തെ അതിജീവിച്ചാണ് സഹോദരങ്ങളായ അമൃത, അമില, അമിത എന്നിവർ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കിയത്. ആദിത്യപുരം മറ്റത്തിൽ തങ്കച്ചൻ,അയിഷ ദമ്പതികളുടെ മക്കളായ ഇവർ തൃശൂർ മാതാഅമൃതാനന്ദമയി സ്പെഷ്യൽ സ്കൂളിലാണ് പഠിച്ചത്. ചെറുപ്പം മുതലുള്ള കേൾവിക്കുറവ് ഒരു പോരായ്മയല്ലെന്നും മറിച്ച് വിജയത്തിലേക്കുള്ള ചാലകശക്തിയാണെന്നുമാണ് ഇവരുടെ അഭിപ്രായം. മൂവരും ഹിയറിംഗ് എയ്ഡ് ഉപയോഗിക്കുന്നുണ്ട്. എല്ലാവരെയും പോലെ ഡോക്ടറോ എൻജിനിയറോ ആകണമെന്ന ആഗ്രഹമില്ല. 'നല്ല മനുഷ്യനാവുക , മാന്യമായ തൊഴിൽ നേടുക ഇതൊക്കെയാണ് ഇവരുടെ സ്വപ്‌നങ്ങൾ. ഇതിന് താങ്ങും തണലുമായി കർഷകനായ പിതാവ് തങ്കച്ചനും റേഷൻകട ജീവനക്കാരിയായ മാതാവ് അയിഷയും ഒപ്പമുണ്ട്. അർച്ചന, അശ്വതി എന്നീ രണ്ടു സഹോദരങ്ങളും ഇവർക്കുണ്ട്.