vaishnavi
വൈഷ്ണവി

ചാലക്കുടി: വൈഷ്ണവിയുടെ വിജയം നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ഖ്യാതി മഴവിൽ അഴകിലെത്തിച്ചു. പട്ടിക വർഗ വിഭാഗത്തിൽപെട്ട വരന്തരപ്പിള്ളി എച്ചിപ്പാറ കോളനിയിലെ വൈഷ്ണവി എല്ലാ വിഷയത്തിലും എ പ്ലസ് നേടുമ്പോൾ നായരങ്ങാടിയിലെ സരസ്വതി ക്ഷേത്രത്തിന് അതൊരു ചരിത്രനേട്ടമായി. പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്കായുള്ള വിദ്യാലയത്തിൽ ആദ്യമായാണ് ഒരു പട്ടിക വർഗ്ഗ വിദ്യാർത്ഥിനി ഈ അപൂർവനേട്ടത്തിന് അർഹയാകുന്നത്. മലയർ കോളനിയിലെ ബാലകൃഷ്ണൻ ഷീബ ദമ്പതികളുടെ മൂത്തമകളായ വൈഷ്ണവി അഞ്ചാം ക്ലാസ് മുതലാണ് നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പഠനത്തിനെത്തിയത്. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിലെ മുഴുവൻ എ പ്ലസ് നേടിയ ഏക വിദ്യാർത്ഥി കൂടിയാണ് വൈഷ്ണവി. തുടർ പഠനം സയൻസ് ഗ്രൂപ്പിലൂടെ ഇതേ വിദ്യാലയത്തിൽ നടത്താനാണ് താൽപര്യം. കായിക രംഗവും വൈഷ്ണവിക്ക് താൽപര്യമുള്ള വിഷയമാണ്. പഠനത്തിൽ മിടുക്കിയായ വൈഷ്ണവിയുടെ സഹോദരി വൈഗ രണ്ടാം ക്ലാസിൽ പഠനത്തിന് തയ്യാറെടുക്കുകയാണ്. വിവരം അറിഞ്ഞ് വൈഷ്ണവിയെ മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ .സി. രവീന്ദ്രനാഥ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

..............

പൊതുവിദ്യാഭ്യാസ രംഗത്തിന് അഭിമാനകരമായ നേട്ടമാണ് വൈഷ്ണവിയുടെ വിജയം. പുതുക്കാട് മണ്ഡലത്തിന് അഭിമാനമാണിത്. വ്യക്തിപരമായി അഭിമാനം കൂടിയാണിത്. മോഡറേഷൻ ഇല്ലാതെ ഇത്രയും മികച്ച വിജയം നേടാൻ കഴിഞ്ഞതും വലിയ നേട്ടമാണ്. തൃശൂരിൽ എത്തിയ ശേഷം വൈഷ്ണവിയുടെ വീട്ടിൽ സന്ദർശനം നടത്തും.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ .സി. രവീന്ദ്രനാഥ്