തൃശൂർ: പൂരത്തിന് കനത്ത സുരക്ഷയൊരുക്കാൻ തീരുമാനമായെങ്കിലും ജനങ്ങളെ അകലെ നിറുത്തി പ്രധാന ആകർഷണമായ വെടിക്കെട്ട് അടുത്ത് നിന്ന് ആസ്വദിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്ന ആവശ്യം ശക്തം. പ്രദക്ഷിണ വഴിയുടെ ഔട്ടർ ഫുട്പാത്തിലും കെട്ടിടങ്ങളുടെ മുകളിലും വെടിക്കെട്ട് കാണാൻ ജനങ്ങളെ നിൽക്കാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾക്ക്, ജില്ലാ കളക്ടറോടും പൊലീസ് കമ്മിഷണറോടുമുള്ള അഭ്യർത്ഥന.
സ്വരാജ് റൗണ്ടിലും കെട്ടിടങ്ങൾക്ക് മുകളിലും വെടിക്കെട്ട് കാണാൻ ജനങ്ങളെ നിറുത്താൻ അനുവദിക്കില്ലെന്ന കർശന നിലപാട് കഴിഞ്ഞവർഷം പൂരം വെടിക്കെട്ടിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇത്തവണയും വടക്കേ പ്രദക്ഷിണവഴിയിൽ ബിനി ടൂറിസ്റ്റ് ഹോം മുതൽ പടിഞ്ഞാറെ പ്രദക്ഷിണ വഴിയിലും ജോസ് തിയേറ്റർ വരെ തെക്കെ പ്രദക്ഷിണ വഴിയിലും റൗണ്ടിനോട് ചേർന്ന കെട്ടിടങ്ങളിലും ജനങ്ങളെ നിൽക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്.
കഴിഞ്ഞ വർഷം രാത്രി പൂരം കഴിഞ്ഞശേഷം ജനങ്ങളെ റൗണ്ടിൽ നിന്ന് പൊലീസ് ഓടിക്കുകയായിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു. നിർദ്ദേശങ്ങൾ നടപ്പാക്കാൻ പൊലീസും നന്നേ പാടുപെട്ടു. പല തവണ റൗണ്ടിൽ സംഘർഷത്തിന്റെ വക്കിലെത്തി. വെടിക്കെട്ട് വൈകാനും ഇതു കാരണമാക്കി. ഡിവൈ.എസ്.പിമാർ തലത്തിൽ നൂറ് കണക്കിന് സേനാംഗങ്ങളെ ഇറക്കിയായിരുന്നു ജനത്തെ ഒഴിവാക്കാൻ നടപടിയുണ്ടായത്.
ജനങ്ങൾ തിങ്ങിനിറഞ്ഞ റൗണ്ടിൽ എങ്ങോട്ടുപോകുമെന്ന ചോദ്യത്തിന് പൊലീസിനും മറുപടി ഉണ്ടായിരുന്നില്ല. ഒടുവിൽ കമ്മിഷണർ നേരിട്ട് എത്തി വിട്ടുവീഴ്ചകൾ ചെയ്താണ് പ്രശ്‌നം അവസാനിപ്പിക്കാനും വെടിക്കെട്ടിന് തിരികൊളുത്താനും സാഹചര്യമുണ്ടാക്കിയത്. വെടിക്കെട്ടിനൊപ്പം മുഴുവൻ സമയവും ഉണ്ടായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറും പൊലീസിനെ അനുനയിപ്പിച്ചു.
വെടിക്കെട്ടിന്റെ പടക്കം തുടങ്ങുന്ന ഫയർ ലൈനിൽ നിന്നും 100 മീറ്റർ ദൂരത്തിനപ്പുറമേ ജനങ്ങൾ നിൽക്കാവൂ എന്നാണ് ചട്ടം. പലയിടത്തും 100 മീറ്റർ പരിധിയെത്തുന്നത് ഔട്ടർ ഫുട്പാത്തിന്റെ അതിർത്തിക്കപ്പുറമാണ്. അതുകൊണ്ട് തന്നെ ഔട്ടർ ഫുട്പാത്തിനോട് ചേർന്ന കെട്ടിടങ്ങളിലും ആളെ കയറ്റാനാകില്ലെന്നാണ് നിലപാട്. 100 മീറ്റർ എന്നത് മൂന്നോ നാലോ മീറ്റർ കുറച്ചാൽ പോലും ഔട്ടർ ഫുട്പാത്തിൽ ആളെ നിറുത്തിയും കെട്ടിടങ്ങളിൽ ആളെ കയറ്റിയും ജനങ്ങൾക്കും സൗകര്യമൊരുക്കാനാകുമെന്നാണ് ദേവസ്വങ്ങളും പൂരപ്രേമികളും ചൂണ്ടിക്കാട്ടുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും നേരത്തെ എത്തിയശേഷം വെടിക്കെട്ട് കാണാനാകാതെ മടങ്ങേണ്ടിവരുന്ന പൂരപ്രേമികളുടെ അവസ്ഥ കൂടി അധികൃതർ മാനിക്കണമെന്ന ആവശ്യം ശക്തമാണ്. 14ന് പുലര്‍ച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിന് മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ ആളുകളെ സ്വരാജ് റൗണ്ടില്‍ നിയന്ത്രിക്കുമെന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഒരുക്കങ്ങൾ കൂട്ടപ്പൊരിച്ചിലിലേക്ക്
എണ്ണയിട്ട യന്ത്രം പോലെയാണ് വെടിക്കെട്ട് നിർമ്മാണപ്രവർത്തനങ്ങളുമായി അണിയറപ്രവർത്തകർ സജീവമാകുന്നത്. വെടിക്കെട്ടിന് എക്‌സ്‌പ്ലോസീവ് കൺട്രോളറുടെ അനുമതി ലഭിച്ചതോടെ ദേവസ്വങ്ങളുടെ അണിയറ ഒരുക്കങ്ങൾക്ക് വേഗം കൂടി. ഓലപ്പടക്കത്തിനുള്ള ലൈസൻസ് ഉടൻ കയ്യിൽ കിട്ടുമെന്നാണ് ദേവസ്വങ്ങൾ പ്രതീക്ഷിക്കുന്നത്. തേക്കിൻകാട്ടിൽ കുഴികൾ എടുക്കുന്ന ജോലികളാണ് നടക്കുന്നത്. കുണ്ടന്നൂരിലെ പി.എം. സജി ആണ് തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ. കഴിഞ്ഞ രണ്ട് വർഷവും സജിയായിരുന്നു തിരുവമ്പാടിക്ക് വെടിക്കെട്ടൊരുക്കിയത്. പാറമേക്കാവിന്റെ വെടിക്കെട്ടൊരുക്കുന്നത് ശ്രീനിവാസൻ ആണ്.