thrissur-pooram

തൃശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറി. തട്ടകക്കാരും പൂരപ്രേമികളുമടക്കം വൻജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റം. രാവിലെ 11 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റച്ചടങ്ങുകൾ തുടങ്ങി. പാരമ്പര്യ അവകാശികൾ ഭൂമിപൂജ നടത്തി. ചെത്തിമിനുക്കിയ കവുങ്ങിൻ മരത്തിൽ ആലിലയും മാവിലയും ദർഭയും ചേർത്ത് അലങ്കരിച്ചു. ദേവസ്വം പ്രതിനിധി കൊടിക്കൂറ ദേശക്കാർക്ക് കൈമാറി, കൊടിമരത്തിൽ ഉയർത്തി. വൈകിട്ട് പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. 12 മണിയോടെയായിരുന്നു പാറമേക്കാവ് ക്ഷേത്രത്തിൽ കൊടിയേറ്റം. 13നാണ് തൃശൂർ പൂരം. 11ന് സാമ്പിൾ വെടിക്കെട്ട് നടക്കും.