തൃശൂർ: ബോംബ് കണ്ടെത്താനുള്ള നൂറിലേറെ ഉപകരണങ്ങൾ, പത്തിലേറെ ഡോഗ് സ്ക്വാഡുകൾ, പഴുതടച്ച പരിശോധന... ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് പൊലീസ് ഒരുക്കുന്നത് ഇന്നേ വരെ കാണാത്ത സുരക്ഷ. 120 ഓളം കാമറകൾ ഒരുക്കണമെന്ന് ദേവസ്വങ്ങളോട് പൊലീസ് നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഇരുപതോളം കാമറകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മേളക്കാർക്കും ആനപാപ്പാൻമാർക്കും വളണ്ടിയർമാർക്കുമെല്ലാം വ്യത്യസ്ത നിറത്തിൽ തിരിച്ചറിയൽ കാർഡുകളുണ്ടാകും. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പാപ്പാൻമാരെ അടക്കം വിശദമായി പരിശോധിക്കും.

പൂരപ്പറമ്പിലേക്കുളള കവാടങ്ങളിൽ ബാരിക്കേഡുകളുണ്ടാകും. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും ജനങ്ങളെ പൂരപ്പറമ്പിലേക്ക് കയറ്റിവിടുക. തൃശൂരിലെ ഡോഗ് സ്ക്വാഡുകൾക്ക് പുറമേയാണ് മറ്റ് ജില്ലകളിൽ നിന്ന് സ്ക്വാഡുകളെ എത്തിക്കുന്നത്. പൂരപ്പറമ്പിൽ മരത്തിന് മുകളിൽ കയറുന്നതും സെൽഫി എടുക്കുന്നതും നിയന്ത്രിക്കും. ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. തിയറ്ററുകളിലും പരിശോധന ശക്തമാക്കി. ഇത്തരം സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഏത് സമയത്ത് ചോദിച്ചാലും ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാനക്കാരെയും നിരീക്ഷിക്കും. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും മറ്റും കൃത്യസമയത്ത് ഹാജരാക്കണമെന്നും ദേവസ്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, വെടിക്കെട്ടിലെ അവസാന കൂട്ടപ്പൊരിച്ചിൽ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് ദേവസ്വങ്ങൾക്ക് നിർദേശം നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. വെടിക്കെട്ട് നിർമ്മാണതൊഴിലാളികൾക്കും വളണ്ടിയർമാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. മറ്റ് വളണ്ടിയർമാരെ ഇവിടേക്ക് പ്രവേശിപ്പിക്കില്ല. വെടിക്കെട്ട് സ്ഥലത്ത് നിയോഗിക്കപ്പെടുന്ന വളണ്ടിയർമാരും കമ്മിറ്റി അംഗങ്ങളും തിളങ്ങുന്ന ജാക്കറ്റ് നിർബന്ധമായി ധരിച്ചിരിക്കണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഷെഡിന് പുറത്തേക്ക് കരിമരുന്ന് അനുവദിക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമാനുസൃതമുള്ള പ്രവൃത്തികൾക്കു തടസങ്ങളൊന്നും ഇല്ലെന്നും പ്രത്യേക സാഹചര്യത്തിലുള്ള സുരക്ഷാ നിർദേശങ്ങളാണ് നല്കിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

പൂരത്തിന് വരുന്നവർ ബാഗ് കൊണ്ടുവരരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. എല്ലാത്തരത്തിലുളള ബാഗുകളും പരിശോധിക്കും. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടത്തും. ഇലഞ്ഞിത്തറ മേളത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നവരെ മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രമേ കടത്തിവിടൂ.

സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കും

''സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കും. പൂരം മുൻവർഷങ്ങളിലുള്ളതുപോലെ തന്നെ നടക്കും. വെടിക്കെട്ടിന് ഒാലപ്പടക്കം അനുവദിച്ച് പെസോയുടെ അനുമതി രേഖാമൂലം ലഭിക്കാനുളള താമസം മാത്രമാണുള്ളത്. അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.''

-പ്രൊഫ.എം.മാധവൻകുട്ടി, സെക്രട്ടറി, തിരുവമ്്പാടി ദേവസ്വം