 ചെറുത്തു നിൽക്കുമെന്ന് ബാലഭവൻ

തൃശൂർ: ബാലഭവനോട് ചേർന്നുള്ള 60 സെന്റ് ഭൂമിയെച്ചൊല്ലി വിവാദം ഉയർന്നതോടെ അവകാശം ഉന്നയിച്ച മൂന്നുപേർക്കും പകുത്തുനൽകാനുള്ള ശുപാർശ കളക്ടർ ടി.വി. അനുപമ സർക്കാരിന് അയച്ചു. ശുപാർശ കാബിനറ്റ് അംഗീകരിച്ചാൽ രാമനിലയം കോമ്പൗണ്ടിലെ അവശേഷിക്കുന്ന പച്ചപ്പ് ഇതോടെ അപ്രത്യക്ഷമാകും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉൾപ്പെടെ പല സർക്കാർ ഏജൻസികളും പലകാലങ്ങളിലായി ഈ സ്ഥലം സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും സാംസ്കാരിക നഗരത്തിന്റെ ചെറുത്തുനിൽപ്പിൽ പരാജയപ്പെടുകയായിരുന്നു.

ബാലഭവന്റെ കൈവശമുള്ള ഭൂമി തങ്ങളുടേതാണെന്ന് ടൂറിസം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. വിദേശത്ത് വരുന്ന ടൂറിസ്റ്റുകളെ താമസിപ്പിക്കാനുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയായിരുന്നു ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ ലക്ഷ്യം. ഓൺലൈൻ പരീക്ഷ നടത്താനുള്ള സ്ഥല സൗകര്യത്തിനായി കെട്ടിടം പണിയാൻ സ്ഥലം വിട്ടു നൽകണമെന്ന ആവശ്യവുമായി പി.എസ്.സിയും തൊട്ടുപിറകെയെത്തി. മദ്ധ്യവേനലവധിക്കാലത്ത് മാത്രമേ ബാലഭവന് ഇത്രയധികം സ്ഥലം ഉപയോഗിക്കേണ്ട ആവശ്യം വരുന്നുള്ളുവെന്നാണ് പി.എസ്.സിയുടെയും ടൂറിസം വകുപ്പിന്റെയും നിലപാട്. അതിനായി നഗരമദ്ധ്യത്തിൽ ഇത്രയധികം സ്ഥലം ശൂന്യമാക്കിയിടണോയെന്നാണ് അവരുടെ ചോദ്യം.

തൃശൂർ പൂരം വർഷത്തിൽ ഒരു ദിവസമേ ഉള്ളൂ. എന്നു കരുതി പൂരത്തിന് ഉപയോഗിക്കുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിയാൻ പറ്റുമോയെന്നാണ് മറിച്ച് ബാലഭവൻ അധികൃതരുടെ ചോദ്യം. തർക്കം മുറുകിയതോടെ ബാലഭവന്റെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മൂന്നുപേരുടെയും യോഗം വിളിച്ചു ചേർത്തു. മൂന്നുപേർക്കും 20 സെന്റ് വീതം വീതിച്ചു നൽകാമെന്ന ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും ആർക്കും സ്വീകാര്യമായില്ല. ബാലഭവൻ ശക്തമായി നിർദ്ദേശത്തെ എതിർത്തു. ബാലഭവന്റെ എതിർപ്പ് കൂടി ശുപാർശയോടൊപ്പം ഉൾപ്പെടുത്താമെന്നായിരുന്നു കളക്ടർറുടെ നിർദ്ദേശം. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ശുപാർശ സർക്കാരിന് നൽകിയത്.

ബാലഭവൻ ഇല്ലാതാകും

സ്ഥലം മൂന്നായി പകുത്ത് നൽകിയാൽ ഇവിടെ കെട്ടിടങ്ങൾ ഉയരും. കളിസ്ഥലം വെട്ടിമുറിച്ചാൽ ബാലഭവന്റെ സുഗമമായ പ്രവർത്തനം സ്തംഭിക്കും. 1500 ഓളം കുട്ടികളാണ് ഓരോ വർഷവും ബാലഭവനിൽ കലാഭ്യാസത്തിനെത്തുന്നത്. ബാലഭവന്റെ സ്വന്തം വക 50 സെന്റ് സ്ഥലത്ത് പൂർണ്ണമായും കെട്ടിടങ്ങളാണ്. ബാലഭവൻ മാറ്റം എളുപ്പമല്ല. എന്നാൽ പി.എസ്.സി ഓഫീസിന് വേറെയും സ്ഥലമുണ്ട്. കോടതി മാറിയതോടെ അയ്യന്തോളിൽ സിവിൽ സ്റ്റേഷനിലും രാമവർമ്മപുരത്തും ഉൾപ്പെടെ പി.എസ്.സി ഓഫീസിനായി റവന്യൂ സ്ഥലം ധാരാളം ലഭ്യമാണ്.


 ശുപാർശ നൽകി
തർക്കം മുറുകിയതുകൊണ്ടാണ് സർക്കാരിന് ശുപാർശ നൽകിയത്. അവകാശവാദം ഉന്നയിക്കുന്നതുപോലെ ഇത് ആരുടെയും സ്വന്തം ഭൂമിയല്ല. റവന്യൂ ഭൂമിയാണ്. നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചത്.

- ടി.വി. അനുപമ (ജില്ലാ കളക്ടർ)

ചെറുത്തു നിൽക്കും
സ്ഥലം വിട്ടുകൊടുത്താൽ ബാലഭവന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. സ്ഥലം വിട്ടുകൊടുക്കാതെ ചെറുത്തു നിൽക്കും.

- പി. കൃഷ്ണൻകുട്ടി മാസ്റ്റർ (ജവഹർബാലഭവൻ ഡയറക്ടർ )