തൃശൂർ: ഭിന്നശേഷിക്കാരായ പ്ലസ് ടു വിജയികൾക്ക് അയ്യന്തോൾ ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് സ്‌കോളർഷിപ്പ് നൽകുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുക്കുന്ന 15 പേർക്ക് തുടർപഠനത്തിന് 20000 രൂപ വീതം നൽകാനാണ് തീരുമാനം. തുടക്കത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. ഓരോ വർഷവും 15 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും. അപേക്ഷകൾ അതത് ഇടങ്ങളിലെ ലയൺസ് ക്ലബ് മുഖാന്തരം സ്വീകരിക്കും. ട്രസ്റ്റ് വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ബഷീർ, ചെയർമാൻ ഡോ. ഡി. രാമചന്ദ്രൻ, ടി. കോമളകുമാർ, അഡ്വ. കെ.കെ. രവീന്ദ്രൻ, അഡ്വ. കെ.ബി. മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.