തൃശൂർ: ആനവിഴുങ്ങി ബൈപ്പാസ് വിരുദ്ധ സമരം താത്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത 17(66) വികസനം കേന്ദ്രസർക്കാർ നിറുത്തിവച്ച പശ്ചാത്തലത്തിലാണിത്. ദേശീയപാതയ്ക്ക് വേണ്ടി നേരത്തെ ഏറ്റെടുത്ത സ്ഥലം ഉണ്ടെന്നിരിക്കെ നിക്ഷിപ്ത താത്പര്യക്കാർക്ക് വേണ്ടിയാണ് ആനവിഴുങ്ങി കോളനിക്ക് നടുവിലൂടെ ദേശീയപാത കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തി. വേനലും പ്രളയവും അതിജീവിച്ച് 286 ദിവസങ്ങളായി തുടരുന്ന സമരം പിൻവലിച്ചിരിക്കുന്നത് താത്കാലികമാണെന്നും എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സി.പി. പീതാംബരൻ, സി.ആർ. നീലകണ്ൻ, കെ.എച്ച്. മിഷോ, ബീന ദാസ് എന്നിവർ അറിയിച്ചു.